കോതമംഗലം : ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് കാലാവസ്ഥയുമായി ബന്ധപ്പെട്ട് നിൽക്കുന്നുവെന്നും,ആരോഗ്യകരവും, സുസ്ഥിരവുമായ കാലാവസ്ഥ നിർമ്മിക്കുവാൻ എല്ലാവരും ശ്രമിക്കണമെന്നും കോതമംഗലം ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ പി. യു. സാജു ഐ എഫ് എസ് . കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഭൂമിത്രസേന ക്ലബിന്റെ ഉദ്ഘാടനം ചെടിക്ക് വെള്ളമൊഴിച്ചുകൊണ്ട് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യന് ഒറ്റക്ക് ഭൂമിയിൽ നിലനിൽപ്പില്ലായെന്നും, പരിസ്ഥിതിയെ നിരീക്ഷിച്ച്, അവയെ സ്നേഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിലുള്ള ഒരു സംരംഭമാണ് ഭൂമിത്ര സേന ക്ലബ്. ജീവൻ്റെ നിലനിൽപ്പിന് ഭൂമിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിൻ്റെ പ്രസക്തി, ഭൂമിയുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ മനുഷ്യരുടെ പങ്ക്, ആ സന്തുലിതാവസ്ഥ തകരുന്നതിലൂടെ ഉണ്ടാകാവുന്ന മാരകമായ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് കോളേജ് വിദ്യാർത്ഥികളെയും,യുവാക്കളെയും ബോധവത്കരിക്കുന്നതിനാണ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. യുവതലമുറ പ്രകൃതിയോട് ഇണങ്ങുന്നതിനും മരങ്ങളുടെ താളം കേൾക്കുന്നതിനും പരിസ്ഥിതി സുസ്ഥിരമായ ഭാവിക്കായി വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും സെമിനാറുകളും ശിൽപശാലകളും മറ്റ് ഹരിത പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്ലബ് ലക്ഷ്യമിടുന്നു.
കോളേജ് പരിസരത്ത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ വിപുലീകരണ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയാണ് ഭൂമിത്രസേന ക്ലബിൻ്റെ ലക്ഷ്യം.
പരിസ്ഥിതി പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ കോളേജ് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് പ്രവർത്തിക്കുന്നത്. സെമിനാറുകൾ പ്രഭാഷണങ്ങൾ, ഫീൽഡ് സന്ദർശനങ്ങൾ, പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിക്കുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.ക്ലബ് ഇൻചാർജ്മാരായ ഡോ. ജയലക്ഷ്മി. പി. എസ്,ശരത് ജി നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
