കോതമംഗലം: വേനൽ കടുത്ത സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്ന സാഹചര്യം ഒഴിവാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശക്തമായ ജാഗ്രത പുലർത്തണമെന്ന് ആന്റണി ജോൺ എം.എൽ.എ. ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കുട്ടമ്പുഴ മേഖലയിൽ കാട്ടാനകൾ എത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു എം.എൽ.എയുടെ നിർദേശം.
കൃത്യമായ പട്രോളിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണ നൽകണം. മനുഷ്യ – വന്യമൃഗ സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ കിടങ്ങുകൾ നിർമ്മിക്കുന്നതും വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതും സമയബന്ധിതമായി പൂർത്തിയാക്കണം. പാറകൾ ഉള്ളതിനാൽ കിടങ്ങ് കുഴിക്കാൻ സാധിക്കാത്ത ഭാഗങ്ങളിൽ വൈദ്യുതി വേലികൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കണം.
പഞ്ചായത്തുകളിലെ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ അമിത ജോലിഭാരം മൂലം ഗ്രാമീണ റോഡുകളുടെ നവീകരണം വൈകുന്നത് ഒഴിവാക്കുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മഴക്കാലത്തിന് മുൻപായി റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കണം. ജില്ലാ വികസന സമിതി പോലുള്ള യോഗങ്ങളിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി നഗരത്തിലെ കേബിൾ കുരുക്ക് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ടി.ജെ വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ഇതിനായി മാസത്തിൽ മൂന്ന് ദിവസമെങ്കിലും മാറ്റിവെക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. നഗരത്തിലെ കെ.എസ്.ഇ.ബി ട്രാൻസ്ഫോമറുകൾ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കണം. നഗരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഇടപെടണം.
നഗരത്തിലെ വഴിയോരങ്ങളിൽ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള ലൈംഗിക തൊഴിലാളികളും ഒരു വിഭാഗം ട്രാൻസ്ജെൻഡ൪മാരും നടത്തുന്ന അനാശ്യാസ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി വേണം. സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ ജോസ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ ഇത്തരക്കാരുടെ ശല്യം വളരെ കൂടുതലാണെന്നും എം.എൽ.എ പറഞ്ഞു.
കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ തൽസ്ഥിതി യോഗത്തിൽ അവലോകനം ചെയ്തു. ട്രൈബൽ, എസ്.സി പദ്ധതികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പി.വി ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. കിഴക്കമ്പലം പഞ്ചായത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന അൽസാഫി മിൽക്ക് ഫാമിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
മുവാറ്റുപുഴ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. വേനൽ കടുത്ത സാഹചര്യത്തിൽ കൃഷി നാശം ഒഴിവാക്കുന്നതിനായി ജലസേചന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിൽ ഉപയോഗ്യശൂന്യമായി കിടക്കുന്ന കനാലുകൾ വേഗത്തിൽ നവീകരിക്കണം. ആയവന ഗ്രാമ പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകൾക്ക് സമീപം വാരപ്പെട്ടി പഞ്ചായത്തിന്റെ സ്ഥലത്ത് മനുഷ്യ മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ സ്ഥലം സന്ദർശിക്കുകയും പൊതുസമൂഹവുമായി ചർച്ച നടത്തി തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളിൽ ദുരന്ത നിവാരണ നിയമപ്രകാരം കുടിവെള്ള ടാങ്കറുകൾ വഴി വെള്ളമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേ൪ന്ന യോഗത്തിൽ ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, മുവാറ്റുപുഴ ആർ.ഡി.ഒ. പി.എൻ. അനി, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് ഇൻ ചാർജ് ടി. ജ്യോതിമോൾ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
