കോതമംഗലം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോതമംഗലം എം . എ. കോളേജ് പൂർവ്വ വിദ്യാർത്ഥികളായ ആദർശ് സുകുമാരനും, പോൾസൻ സ്‌കറിയയും മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘കാതൽ’ എന്ന ചിത്രത്തിന്റെ രചനയ്ക്കാണ് പുരസ്‌കാരം. മികച്ച തിരക്കഥയും കാതൽ എന്ന ചിത്രത്തിന്റെതാണ്. ആദർശും, പോൾസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മികച്ച ചിത്രമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ജിയോ ബേബി സംവിധാനം ചെയ്ത കാതൽ സ്വന്തമാക്കി.
ചലച്ചിത്ര പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനായ കാതലിൽ തെന്നിന്ത്യൻതാരംജ്യോതികയാണ് നായികയായി വന്നത്.
ജിയോ ബേബി സംവിധാനം ചെയ്യത എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിച്ചത് .
12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയായിരുന്നു കാതൽ.
കോതമംഗലം കുത്തുകുഴി വലിയപാറ പണ്ടാരത്തുംകുടിയിൽ അദ്ധ്യാപകനായ സുകുമാരന്റെയും, കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംഗ് സ്റ്റാഫ് ആശയുടെയും മകനാണ് ആദർശ്. സഹോദരി ആതിര എം. എ കോളേജിൽ സൂവോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.
2013-16 വർഷത്തെ എം. എ. കോളേജ് ബികോം കമ്പ്യൂട്ടർ വിദ്യാർത്ഥിയായ ആദർശിന്റെ ആദ്യ കഥ കാതൽ ആയിരുന്നെങ്കിലും, ആദ്യം റീലസ് ആയത് ആദർശ് തിരക്കഥയൊരുക്കിയ നെയ്മർ ആയിരുന്നു. ഷൈൻ നിഗം, ആന്റണി വർഗീസ് പേപ്പ, നീരജ് മാധവ് എന്നിവർ നിറഞ്ഞാടിയ ആർ ഡി എക്സ് (RDX) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെയും കഥ, തിരക്കഥ ഒരുക്കിയതും ആദർശ് ആയിരുന്നു. നല്ലൊരു നടൻ കൂടിയാണ് ആദർശ്.
പിറവം പാമ്പാക്കുട സ്വദേശിയായ പോൾസൺ സ്കറിയ കോതമംഗലം എം. എ. എഞ്ചിനീറിയങ് കോളേജിലെ 2016 മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയായിരുന്നു.