കോതമംഗലം : പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം നഷ്ടപ്പെട്ട ബി ജെ പി ക്കാർ ആയോധ്യ , ഗ്യാൻ വ്യാപി, മധുരാപുരി എന്നീ വർഗീയ വിഷയങ്ങൾ ഉയർത്തി കാട്ടി ഭിന്നിപ്പിലൂടെ വീണ്ടും അധികാരത്തിലെത്താനാണ് ശ്രമിക്കുന്നതെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സി പി ഐ വടാട്ടുപ്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു സുനിൽകുമാർ.
കാർഷിക മേഖലയിലെ പ്രതിസന്ധി, തൊഴിലില്ലായ്മ,പാചക വാതക വില വർദ്ധനവ് തുടങ്ങി അത്യാവശ്യ സാധനങ്ങളുടെ വില കുതിച്ചു കയറുന്നത് എന്നിവ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്ന് സുനിൽകുമാർ കുറ്റപ്പെടുത്തി.
അദാനി അടക്കമുള്ള കോർപറേറ്റുകൾക്ക് കോടി കണക്കിന് രൂപയുടെ ആനുകൂല്യം നൽകുന്നു. എന്നാൽ കൃഷിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ വിഹിതം വെട്ടികുറക്കുന്ന നടപടി സ്വീകരിക്കുന്നു. ഇന്ത്യയിൽ അപ്രഖ്യാപിത മതരാഷ്ടം സ്ഥാപിക്കാനാണ് ആർ എസ് എസും ബി ജെ പിയും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവരെയും ഒന്നിപ്പിച്ച് നിർത്താൻ ഭരണഘടന ശിൽപികൾ ഇന്ത്യയെ മതേതര രാജ്യമാക്കണമെന്ന് തീരുമാനിച്ചു. എന്നാൽ ഭിന്നത വളർത്തി ഭരണഘടന പിച്ചി ചീന്തിയുള്ള അധികാര രാഷ്ട്രീയമാണ് ബി ജെ പി നടപ്പാക്കുന്നത്.
കോർപറേറ്റുകളെയും വർഗീയതയേയും പ്രോൽസാഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ബി ജെ പി ബദൽ അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്ന് സുനിൽകുമാർ അവകാശപ്പെട്ടു.
എല്ലാവർക്കും സ്വന്തമായി ഭൂമി എന്ന ലക്ഷ്യവുമായി ഭൂ പരിഷ്കരണ നിയമവും എല്ലാവർക്കും വീട് ലഭ്യമാകാൻ ലക്ഷം വീട് പദ്ധതിയും നടപ്പിലാക്കിയ കമ്യൂണിസ്റ്റ് സർക്കാരുകളുടെ നയമാണ് പാർട്ടിയും നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പാവപ്പെട്ടന് വീട് ലഭ്യമാകാൻ സി പി ഐ വടാട്ടുപ്പാറ ലോക്കൽ കമ്മിറ്റി നേതൃത്വം നൽകിയതിനെ അഭിനന്ദിക്കുന്നതായും സുനിൽകുമാർ അറിയിച്ചു. എം കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
എം പി ഐ ചെയർമാൻ ഇ കെ ശിവൻ, സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, സി പി എംഏരിയാ കമ്മിറ്റിയംഗം പി കെ പൗലോസ് , സന്ധ്യ ലാലു , മനേഷ് കെ എം ,രജീഷ് എൻ ആർ , ഉല്ലാസ് കെ രാജ്, സ്മിനു തോമസ്, കെ ജി ബാബു
എന്നിവർ പ്രസംഗിച്ചു. സി പി ഐ ലോക്കൽ സെക്രട്ടറി പി എ അനസ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി ജി അനിൽകുമാർ നന്ദിയും പറഞ്ഞു. സി പി ഐ വടാട്ടുപാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്വത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം നേടിയ പൂജ പ്രദീപിനെ ചടങ്ങിൽ ആദരിച്ചു.