കോതമംഗലം : കോതമംഗലം, വാരപ്പെട്ടി സ്വദേശിയായ ആറ് വയസ്സുകാരൻ വേമ്പനാട്ട് കായലിലെ 7. കിലോമീറ്റർ ദൂരം കൈകൾ ബന്ധിച്ച് നീന്തികടന്നു. വാരപ്പെട്ടി ഇളങ്ങവം ശ്രീജ ഭവനിൽ ശ്രീജിത്ത് – രഞ്ജുഷ ദമ്പതികളുടെ മകനും പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ശ്രാവൺ എസ് നായരാണ് ഒരു മണിക്കൂർ 29 മിനിറ്റ് കൊണ്ട് നീന്തിക്കടന്നത്. ശനിയാഴ്ച രാവിലെ 7.45 നു ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7 കിലോമീറ്റർ കൈകൾ ബന്ധിച്ച് നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുന്നത്. ഏഴു കിലോമീറ്റർ കൈകൾ ബന്ധിച്ച് നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും ആദ്യത്തെ ആൺകുട്ടിയും ശ്രാവൺ ആണെന്ന് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു
തങ്കപ്പൻ പറഞ്ഞു.
ചേർത്തല അമ്പലക്കടവിൽ നിന്ന് ചേന്നംപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധീഷിന്റെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാറിന്റെയും സാന്നിധ്യത്തിൽ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്‌തു. നീന്തൽ വിജയകരമായി പൂർത്തിയാക്കിയ ശ്രാവണിന്റെ ഇരു കൈകൾ
ബന്ധനസ്ഥനാക്കിയത്
ഫയർ ആൻഡ് റസ്ക്യു ഓഫീസർ പി ഷൈൻആണ്.അനുമോദന സമ്മേളനം ഉദയനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബിജു ഉദ്ഘാടനം ചെയ്തു . വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൺ, പ്രീത രാജേഷ് മുഖ്യ അഥിതിയായി. ജയ് ജോൺ പേരയിൽ(മുൻ മുനിസിപ്പൽ കൗൺസിലർ), സി. എൻ. പ്രദീപ്, ലെനിൻ. സി. പി. (ഇന്ത്യൻ പീപ്പിൾ തിയേറ്റർഅസോസിയേഷൻ), പി. ഷൈൻ (ഫയർ ആൻഡ് റസ്ക്യു
ഓഫീസർ), ഗോകുൽ (ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ), ഷാജി കുമാർ റ്റി,ഇന്റർനാഷണൽ നീന്തൽ താരം ജി പി സേന കുമാർ എന്നിവർ ആശംസകൾ നേർന്നു. അൻസൽ എപി(സെക്രട്ടറി, ഡോൾഫിൻ ക്ലബ്, കോതമംഗലം) നേതൃത്വം കൊടുത്തു.
