കോതമംഗലം : ശ്രീലങ്കയിൽ കഴിഞ്ഞ 29 മുതൽ 31 വരെ നടന്ന ജപ്പാൻ കരാത്തെ ദോ ഷിറ്റോ റിയൂ ഷിൻബുക്കാൻ ശ്രീലങ്ക ഇൻവിറ്റേഷൻ ചാമ്പ്യൻഷിപ്പ് 2024 ൽ, ഷീൻ ബുക്കാൻ ഇന്ത്യ കരാത്തെ സ്കൂളിൽ നിന്ന് പങ്കെടുത്ത 4 പേർക്കും മികച്ച നേട്ടം. ആഗസ് ആഷ്ലി കത്ത വിഭാഗത്തിൽ സ്വർണ്ണം നേടിയപ്പോൾ , സേതു ലക്ഷ്മി, വൈഗാ ലക്ഷ്മി എന്നിവർ കുമിത്തെ വിഭാഗത്തിൽ സ്വർണ്ണവും, ആദിനാഥ് വെങ്കലവും നേടി.ജപ്പാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും താരങ്ങൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.ഷീൻ ബുക്കാൻ ഇന്ത്യയുടെ പ്രധാന താരമായ ആഗ്നസ് ആഷ്ലി എം. എ. ഇംഗ്ലീഷ് ബിരുദധാരിയാണെങ്കിലും, കരാത്തെ ഒരു പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്ന താരമാണ്.
തൃക്കാരിയൂർ കൂനം മാവുങ്കൽ ബൈജുവിൻ്റെയും സ്മിതയുടെയും മകളാണ് ആഷ്‌ലി. സേതുലക്ഷ്മി മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്.മൂവാറ്റുപുഴ വിനായക സന്തോഷിൻ്റെയും സിനിയുടേയും മകളാണ്. തൃക്കാരിയൂർ രഘുനാഥമന്ദിരത്തിൽ രാജേഷിൻ്റെയും, ശ്രീകലയുടേയും മകനാണ് കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിനാഥ്. ഓടക്കാലി പനിച്ചയം ചെറുവള്ളിപടി അനീഷിൻ്റേയും നീതുവിൻ്റേയും മകളായ വൈഗാലക്ഷ്മി കോതമംഗലം ശോഭന സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഷിൻബുക്കാൻ ഇന്ത്യയുടെ ചീഫ് ഷീഹാൻ രഞ്ജിത് ജോസിന്റെ കീഴിലാണ് ഇവർ പരിശീലനം നടത്തുന്നത്.