കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന് ആലുവ,യൂണിയൻ ക്രിസ്ത്യൻ കോളേജ് ഏർപ്പെടുത്തിയ ശതാബ്ദി പ്രതിഭാ പുരസ്‌കാരം ലഭിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിൻ്റെ ഒരു നൂറ്റാണ്ടു പിന്നിട്ട ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ്, ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള പൂർവ്വവിദ്യാർത്ഥികളുടെ ശ്രദ്ധേയമായ സംഭാവനകളെയും, നേട്ടങ്ങളെയും ആദരിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് ശതാബ്ദി പ്രതിഭാ പുരസ്‌കാരം. മികച്ച സംഭാവനകൾ നൽകിയ, തെരഞ്ഞെടുത്ത 10 പ്രതിഭകൾക്കാണ് വിദ്യാഭ്യാസ വിഭാഗത്തിൽ പുരസ്കാരം നൽകിയത്.
വ്യാഴാഴ്ച ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ലൈബ്രറി ഹാളിൽ നടന്ന പുരസ്കാര സമ്മേളനത്തിൽ
യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ, റവ. തോമസ് ജോൺ മുഖ്യാതിഥിയായിരുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സിറിയക് തോമസ് പുരസ്‌കാരങ്ങൾ സമ്മാനിച്ച്,മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സൈക്കോളജി വിഭാഗം അധ്യക്ഷയും പുരസ്കാര സമ്മേളനത്തിൻ്റെ കൺവീനറുമായ ഡോ. വിദ്യ രവീന്ദ്രനാഥൻ,
ഒഎസ്എ വൈസ് പ്രസിഡൻ്റ്, സജീ ആർ., ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ, രേഖ നായർ,സൈക്കോളജി വിഭാഗം അസി. പ്രൊഫ. ഷേമ എലിസബത്ത് കോവൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വിദ്യാഭ്യാസരംഗത്തെ അസാധാരണമായ നേട്ടങ്ങൾക്കുള്ള ആദരമാണ് യു.സി കോളേജ് പൂർവ്വവിദ്യാർത്ഥിയും എം. എ. കോളേജ് പ്രിൻസിപ്പലുമായ ഡോ. മഞ്ജു കുര്യന് ലഭിച്ച ശതാബ്ദി അവാർഡ്. എസ്. ബി. കോളേജ്, ചങ്ങനാശ്ശേരി, ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട – കുവൈറ്റ് അലുമ്നി ചാപ്റ്റർ എന്നിവ യഥാക്രമം ഏർപ്പെടുത്തിയ ബെർക്കുമാൻസ് അവാർഡ്, ഫാ. ഡോ.ജോസ് തെക്കൻ അവാർഡ് എന്നിവ 2023 ൽ ഡോ. മഞ്ജു കുര്യൻ നേടി. കൂടാതെ അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ നിരയിൽ ഡോ. മഞ്ജു കുര്യൻ ഇടം നേടിയിട്ടുണ്ട്. നാനോ മെറ്റീരിയൽസ്, മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യൻ.
2005-ലാണ് ഡോ. മഞ്ജു കുര്യൻ മാർ അത്തനേഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016-ൽ അസോസിയേറ്റ് പ്രൊഫസറും, 2019ൽ പ്രൊഫസറുമായി. 5 പുസ്തകങ്ങളിലെ പ്രബന്ധങ്ങൾ കൂടാതെ അന്താരാഷ്ട്ര ജേർണലുകളിൽ 61 പ്രബന്ധങ്ങളും 3 പുസ്തകങ്ങളുമാണ് പ്രസിദ്ധീകരിച്ച ശാസ്ത്രപഠനങ്ങൾ.