കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മൂന്ന് ദിവസം നീണ്ടു നിന്ന രണ്ടാമത് അന്തർ ദേശീയ ശാസ്ത്ര സമ്മേളനം സ്റ്റാം 23 ന് സമാപനം.യുവ ശാസ്ത്ര ഗവേഷകരുടെയും, പ്രമുഖ ശാസ്ത്രഞ്ജരുടെയും,അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൊണ്ട് അന്തർ ദേശീയ സമ്മേളനം ശ്രദ്ധേയമായി. സമാപന സമ്മേളനം തിരുവനന്തപുരം എൻ. ഐ. ഐ. എസ് ടി മുൻ ഡയറക്ടർ ഡോ. എ. അജയഘോഷ് ഉത്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി .ചടങ്ങിൽ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ഡോ. ടി. എൻ. നാരായണൻ,ഡോ. യോഷിനോരി നിഷിനോ, ഡോ. രാമേശ്വർ അധികാരി,സ്റ്റാം -23 കൺവീനർ ഡോ. സ്മിത തങ്കച്ചൻ, ജോയിന്റ്. കൺവീനർ ഡോ.മേരിമോൾ മൂത്തേടൻ എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു. അക്കാദമിക -വ്യവസായ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച നിരവധി പ്രതിഭകളുമായി സംവദിക്കാനുള്ള അവസരമാണ് ശാസ്ത്ര സമ്മേളനത്തിൽ ഒരുങ്ങിയതെന്ന് പ്രിൻസിപ്പൽ ഡോ മഞ്ജു കുര്യൻ പറഞ്ഞു. ശാസ്ത്രം ആത്യന്തികമായി മനുഷ്യ നന്മക്കാണെന്നും, കണ്ടുപിടിത്തങ്ങൾ മാത്രമല്ല ശാസ്ത്രമെന്നും ശാസ്ത്ര അവബോധം ഉണ്ടാക്കിയെടുക്കലും ശാസ്ത്രമാണെന്നും ,
ധാർമിക മൂല്യമുള്ള ശാസ്ത്രഞ്ജർ ഉയർന്നു വരുന്നതിനു ഈ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനം കൊണ്ട് സാധിച്ചു വെന്നും ഡോ. മഞ്ജു കൂട്ടിച്ചേർത്തു.
കോളേജിലെ ശാസ്ത്ര വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച സമ്മേളനം,എം. പി. വര്ഗീസ് ലൈബ്രറി സെമിനാർ ഹാൾ, സ്റ്റുഡന്റ്സ് സെന്റർ എന്നീ വേദികളിൽ 6 പ്ലീനറി സെഷനുകളായാണ് ഒരുക്കിയത്. ഇതിനു പുറമെ നെറ്റ് വർക് റിസോഴ്സ് സെന്റർ, അക്കാദമിക് ടെക്നോളജി സെന്റർ എന്നിവിടങ്ങളിലെ സമാന്തര വേദികളിൽ തെരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ അവതരണവും, ചർച്ചയും നടന്നു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ. ഡോ. ചന്ദ്രഭാസ് നാരായണയാണ് മൂന്ന് ദിവസം നീണ്ട സമ്മേളനം ഉത്ഘാടനം നിർവഹിച്ചത് . രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സർവകലാശാലകളിലെ ശാസ്ത്ര ഗവേഷകരും,പ്രമുഖ ശാസ്ത്രഞ്ജരും ഇന്ത്യയിലെ മികച്ച 52ൽ പരം കോളേജ് /സർവകലാശാലകളിൽ നിന്നുള്ള 250ൽ പരം യുവ ഗവേഷകരും, അധ്യാപകരും, വിദ്യാർത്ഥികളുമാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത് . കൂടാതെ ഓൺലൈനായിട്ടും നിരവധി ശാസ്ത്ര പ്രതിഭകൾ സമ്മേളനത്തിൽ പങ്കുചേർന്നു. പ്രൊഫ. ഡോ. ടി. പ്രദീപ് (ഐ. ഐ. ടി. മദ്രാസ് ), പ്രൊഫ. ഡോ. യോഷിനോരി നിഷിനോ (ഹോക്കൈഡോ യൂണിവേഴ്സിറ്റി ജപ്പാൻ ), പ്രൊഫ. ഡോ. കുരുവിള ജോസഫ് (സീനിയർ പ്രൊഫസർ &ഡീൻ ഐ ഐ എസ് എസ് ടി തിരുവനന്തപുരം ), പ്രൊഫ. ഡോ. രാമേശ്വർ അധികാരി( തൃഭുവൻ യൂണിവേഴ്സിറ്റി,കാഠ്മണ്ഡു, നേപ്പാൾ ), ഡോ. എ അജയഘോഷ് (എൻ ഐ ഐ എസ് ടി, തിരുവനന്തപുരം ), പ്രൊഫ. ഡോ. സജി ജോർജ് (മക്ഗിൽ യൂണിവേഴ്സിറ്റി, കാനഡ ), പ്രൊഫ. ഡോ. സുബി ജേക്കബ് ജോർജ് (ജെ എൻ സി എ എസ് ആർ, ബാംഗ്ലൂർ ), പ്രൊഫ. എം. ആർ. അനന്തരാമൻ(കുസാറ്റ്, കൊച്ചിൻ ),പ്രൊഫ. ഡോ. രഞ്ജിത്ത് പി (ഐ.ഐ.ടി മുംബൈ ),പ്രൊഫ. ഡോ. സ്വപ്ന. എസ്. നായർ (സി. യു. കെ. കാസർഗോഡ് ),പ്രൊഫ. ഡോ. ടി. എൻ. നാരായണൻ (ടി ഐ എഫ് ആർ, ഹൈദ്രബാദ് ),ഡോ. ലൂയിസ് പന്ദ്രില (യൂണിവേഴ്സിറ്റി ഓഫ് ലിമേരിക്, അയർലൻഡ് ), ഡോ. ഏർമിന്റ ടിസൗക്കോ( യൂണിവേഴ്സിറ്റി ഓഫ് ഐജൻ,ഗ്രീസ്),ഡോ. ആനോക് കൃഷ്ണൻ നായർ ( സീനിയർ സൈന്റിസ്റ്റ്, തായ്‌വാൻ ),ഡോ. സിബി. മാത്യു (ടോകിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജപ്പാൻ )എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
170ൽ പരം ശാസ്ത്ര പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.പച്ചപ്പട്ടണിഞ്ഞ ഹരിതാഭമായ കുന്നിൻ മുകളിലെ ഈ കലാലയവും, പക്ഷികളും, പറവകളും പാറി പറക്കുകയും സംഗീതം അണമുറിയാതെ പെയ്യുകയും ചെയ്യുന്ന കലാലയോദ്യാനവുംഎല്ലാം ഏറെ ആകർഷിച്ചു വെന്ന് നേപ്പാളിൽ നിന്നുള്ള ശാസ്ത്രഞ്ജൻ ഡോ. രാമേശ്വർ അധികാരിയും, ജപ്പാനിലെ ഹോക്കൈഡോ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. യോഷിനോരി നിഷിനോയും പറഞ്ഞു. എം. എ. കോളേജ് അസോസിയേഷന്റെ മുഖ്യ ധനസഹായത്തോടെ നടത്തിയ രാജ്യാന്തര സമ്മേളനത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കൗൺസിൽ ഓഫ് സയിന്റിഫിക് &ഇൻഡസ്ട്രിയൽ റിസേർച്ച്, റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി, ഡിപ്പാർട്മെന്റ് ഓഫ് സയൻസ് & ടെക്നോളജി എന്നിവർ സഹ പങ്കാളിത്തം വഹിച്ചു.
ശാസ്ത്രവ്യവഹാരങ്ങളിൽ സജീവമായി ഇടപെടുന്ന നൂതന വിവരങ്ങളും, ഗവേഷണ കണ്ടെത്തലുകളും അവതരിപ്പിക്കാനുള്ള വേദികൂടിയായി മൂന്നു ദിവസം നീണ്ട രാജ്യാന്തര സമ്മേളനം.