കോതമംഗലം : എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ പി എസ് ടി എ കോതമംഗലം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിനുമുന്നിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. ശമ്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫിസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് ഡിപാർട്ടുമെന്റിൻ്റെ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് കെ പി എസ് ടി എ ആവശ്യപ്പെട്ടു. ട്രഷറികൾ ഡിജിറ്റലൈസ് ചെയ്യുകയും സ്ഥാപന മേധാവികൾ നേരിട്ട് ശമ്പള ബില്ലുകൾ സമർപ്പിച്ച് പാസാക്കിയെടുക്കുകയും ചെയ്യുന്ന സാഹചര്യം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണത്തിൽ ഉണ്ടായതാണ്. സാങ്കേതികമായ നൂലാമാലകൾ ഒഴിവാക്കി അധ്യാപകർക്ക് സമയത്ത് ബില്ലുകൾ മാറിയെടുക്കാൻ ഇതുവരെ സാധിച്ചിരുന്നു.
സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ, പ്രധാനാധ്യാപകരുടെ അധികാരപരിധികളാണ് സർക്കാർ ഇല്ലാതാക്കിയത്. വിദ്യാലയ ഏകീകരണം പ്രഖ്യാപിക്കുകയും സർക്കാർ- എയ്ഡഡ് തരംതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്നത് പൊതുവിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. എയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാരിൻ്റെ അമിതമായ ഇടപെടലുകൾക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കും പുതിയ ഉത്തരവ് വഴിവെക്കും. അമിത ജോലിഭാരം മൂലം ജീവനക്കാരേയും അധ്യാപകരേയും ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന സർക്കാർ പുതിയ ഉത്തരവിലൂടെ കൂടുതൽ ജോലിഭാരം ജീവനക്കാരിൽ അടിച്ചേൽപിക്കുകയാണ്.
എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൽ നിന്നും സർക്കാർ അടിയന്തിരമായി പിൻമാറണമെന്നും പൊതുവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് ധർണ സമരം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് സിജു ഏലിയാസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവാഹക സമിതി അംഗം വിൻസൻറ് ജോസഫ് ,
ഭാരവാഹികളായ റോയി മാത്യു, ,നോബിൾ വർഗീസ്, ബേസിൽ ജോർജ്,എൽദോസ് സ്റ്റീഫൻ, ആൽബിൻ ബിനു, ബിജോ ജോസ് എന്നിവർ സംസാരിച്ചു.