കോതമംഗലം: കോതമംഗലം സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനം കൂടുതൽ സജീവമാക്കുന്നതിൻ്റെ ഭാഗമായി മൊബൈൽ ഫോണിൻ്റെ ലഭ്യത കുറവുണ്ടായിരുന്ന കുട്ടികൾക്ക് സ്കൂളിൽ നിന്നും 15 മൊബൈൽ ഫോണുകൾ നൽകി. വാർഡ് കൗൺസിലർ ശ്രീ റിൻസ് റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിതരണോദ്ഘാടനം സ്കൂൾ മാനേജർ റവ.ഡോ തോമസ് ചെറുപറമ്പിൽ നിർവഹിച്ചു.
ശ്രീമൂലനഗരം അകവൂർ ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ശ്രീ ചെറിയാൻ ജോസഫ് പുതുശ്ശേരിയുടെ (PJ ചെറിയാൻമാഷ് ) അനുസ്മരണാർത്ഥം കൊച്ചുമകളായ ഡോ.ലിസ്സ ജോസ് പുതുശ്ശേരിയും ഭർത്താവ് അലക്സ് ജോൺസൺ പുരക്കലുമാണ് ഈ മഹത്തായ സംരംഭത്തിന് ഒരു ലക്ഷം രൂപ സംഭാവന നൽകിയിരിക്കുന്നത്. കുടുംബാംഗവും സ്കൂളിലെ അധ്യാപകനുമായ ശ്രീ റിജിൽ ജോയിയുടെ നേതൃത്വത്തിലാണ് സംഭാവന സ്വരൂപിച്ചത്.
ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ ബിജു ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ സോജൻ മാത്യു, പി റ്റി എ പ്രസിഡൻ്റ് ശ്രീ മാജോ മാത്യു, സ്റ്റാഫ് സെക്രട്ടറി ശ്രീ റിജിൽ ജോയി, അധ്യാപിക ശ്രീമതി ജെയ്മോൾ VC തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.