കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ശ്രീ പൊയ്ക മഹാദേവ ക്ഷേത്ര ചിറ നവീകരിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുടിയേറ്റ കാലത്ത് ഉണ്ടായിരുന്ന ഏക ക്ഷേത്ര നിർമ്മിതിയുടെ അവശിഷ്ടങ്ങളിൽ പൊയ്ക ക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. 2 ഏക്കറോളം വലിപ്പമുള്ള ചിറയും രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള പടിഞ്ഞാറോട്ട് ദർശനമുള്ള കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് പൊയ്ക ക്ഷേത്രം.
വടാട്ടുപാറ പ്രദേശത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്ര ചിറ കെട്ടി സംരക്ഷിക്കുന്നത് മൂലം നീരുറവയുണ്ടായി വെള്ളം വടാട്ടുപാറയിലെ ടൂറിസം കേന്ദ്രമായ വടാട്ടുപാറ പാറയിലേയ്ക്ക് വനത്തിലൂടെ ഒഴുകി തുടർന്ന് പെരിയാറിൽ എത്തിച്ചേരും. ഇതുമൂലം നൂറുകണക്കിന് കർഷകർക്കും,വന്യമൃഗങ്ങൾക്കും ആവശ്യമായ വെള്ളം ലഭ്യമാക്കാൻ സാധിക്കും. മാത്രമല്ല പ്രദേശത്തെ ടൂറിസത്തിനും വലിയ ഉണർവാകും.
വളരെ കാലമായി ഭക്തജനങ്ങളും , വടാട്ടുപാറയിലെ പൊതു സമൂഹവും ഉന്നയിക്കുന്ന ഒന്നാണ് ക്ഷേത്ര കുളം നവീകരിക്കുക എന്നുള്ളത്. അതാണിപ്പോൾ സാധ്യമായിട്ടുള്ളത്. തുടർനടപടികൾ വേഗത്തിലാക്കുമെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു.
