കോതമംഗലം: ദേശീയപാതയില്‍ അപകടക്കെണിയായി നിന്ന കൂറ്റന്‍ തണല്‍ മരങ്ങള്‍ വെട്ടിനീക്കിയെങ്കിലും അവയുടെ ശിഖിരങ്ങള്‍ റോഡരികില്‍ നിന്നു നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നു. കോതമംഗലം-നേര്യമംഗലം റോഡിലാണ് മരങ്ങളുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ചശേഷം വില കിട്ടുന്ന തടികള്‍ മാത്രമാണ് കൊണ്ടുപോയത്. ചെറിയ ചില്ലകളും അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ കരാറുകാര്‍ തയാറായില്ല.
തിരക്കേറിയ ദേശീയപാതയില്‍ ടാറിംഗിലേക്കുവരെ കയറിയാണ് മരച്ചില്ലകളും അവശിഷ്ടങ്ങളും കിടക്കുന്നത്. ഇതുമൂലം വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് കയറിനടക്കേണ്ടിവരുന്നതുമൂലം അപകടസാധ്യതയേറുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ബുദ്ധിമുട്ടുകയാണ്. ദേശീയപാതാ വികസനത്തിന് മുന്നോടിയായാണ് തണല്‍മരങ്ങള്‍ മുറിച്ചത്. എത്രയും വേഗം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യമുയരുകയാണ്.
