പെരുമ്പാവൂര്‍: നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിടച്ചു. കൊമ്പനാട് ചൂരമുടി മാലിക്കുടി അഖില്‍ എല്‍ദോസ് (27), പാറക്കടവ് പുളിയനം കുന്നപ്പിള്ളിശേരി കുരിശിങ്കല്‍ മാര്‍ട്ടിന്‍ (24) എന്നിവരെയാണ് കാപ്പ ചുമത്തി വിയൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, പട്ടികജാതി-പട്ടിക വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം, മോഷണം, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അഖില്‍ എല്‍ദോസ്. കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മോഷണ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുറുപ്പംപടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. സജീവിന്റെയും സബ് ഇന്‍പെക്ടര്‍ ടി.ബി. ബിബിന്റെയുംനേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്. അങ്കമാലി, ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് മാര്‍ട്ടിന്‍. ഓഗസ്റ്റില്‍ അയിരൂര്‍ തിരുകൊച്ചി റസിഡന്‍സിയിലെ ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. അങ്കമാലി പോലീസ് ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
