കോതമംഗലം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച്, റെഡ് ക്രോസ് ദിനത്തിൽ ബ്ലഡ് ചലഞ്ച് കാമ്പയിൻ്റെ ഭാഗമായി സെൻ്റ് ജോസഫ് (ധർമ്മഗിരി) ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തം നല്കി. പിണ്ടിമന, പോത്താനിക്കാട്, നേര്യമംഗലം, കുട്ടംപുഴ വില്ലേജ് യൂണിറ്റുകളിലെ റെഡ് ക്രോസ് വോളണ്ടിയേഴ്സാണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം നല്കിയത്. കോവിഡ് എന്ന മഹാമാരിയുടെ രണ്ടാം ഘട്ടത്തിൽ പതിനെട്ട് വയസിനു മുകളിലുള്ള വർക്ക് വാക്സിനേഷൻ നടത്തുമ്പോൾ രക്തം നല്കുന്നതിന് കാലതാമസം വരികയും,രക്തത്തിന് ദൗർലഭ്യം ഉണ്ടാകുവാനുള്ള സാധ്യത മുൻകൂട്ടി കണ്ടുമാണ് താലൂക്ക് ബ്രാഞ്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.
റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ല ചെയർമാൻ ജോയി പോൾ രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റ് നല്കി ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം അഡ്വ രാജേഷ് രാജൻ, ധർമ്മഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ, സെക്രട്ടറി മാത്യു ജോസഫ്, ഡോ ബേബി മാത്യു, ലോറൻസ് എബ്രഹാം, ബിനോയി തോമസ്, ജോസ് പോൾ, ഷൈജൻ ആൻ്റണി,ബിനോജ് എം.എ, എൽദോ പി വി.വിൽസൺ തോമസ് എന്നിവർ നേതൃത്വം നല്കി.