കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23 അധ്യയനവർഷത്തെ കായിക നേട്ടങ്ങളും, കായികമേഖലയിലെ സംഭാവനകളും മുൻനിർത്തിക്കൊണ്ട് ഏറ്റവും മികച്ച സ്പോർട്സ് പ്രമോട്ടിങ് കോളേജിനുള്ള അവാർഡ് ആണ് എം. എ. കോളേജ് കരസ്ഥമാക്കിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളുടെ കായിക ചരിത്രത്തിൽ 24 അന്തർദേശീയ താരങ്ങളും 500 ൽ പരം ദേശീയ മെഡലുകളും എം എ കോളേജിന് സ്വന്തമാണ്. 13 സംസ്ഥാനതല ഇവന്റുകൾ 2022- 23-ൽ മാർ അത്തനേഷ്യസ് കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു . കൂടാതെ മൂന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഒന്നാം സ്ഥാനവും, ഏഴു യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ ചാമ്പ്യൻ പട്ടവും കരസ്ഥമാക്കി. ഈ നേട്ടങ്ങളാണ് അവാർഡിന് കോളേജിനെ അർഹമാക്കിയത് . അത്‌ലറ്റിക്സ്, ഫുട്ബോൾ, സ്വിമ്മിംഗ്, ആർച്ചറി, പവർ ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് കോളേജിന് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. 2021 – 22 കാലയളവിലെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾക്കുള്ള എംജി സർവ്വകലാശാല അവാർഡും മാർ അത്തനേഷ്യസ് കോളേജ് കരസ്ഥമാക്കിയിരുന്നു.ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ,ബെംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും,പ്രതിരോധ മന്ത്രാലയം ദേശീയ കേഡറ്റ് കോർപ്‌സിലെ കേണൽ കമാൻഡന്റുമായ ഡോ. ഫാ. എബ്രഹാം വെട്ടിയാങ്കൽ മാണിയിൽ നിന്ന് എം. എ. കോളേജ് കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി പുരസ്‌കാരം ഏറ്റുവാങ്ങി.
എം. എ. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, സൂവോളജി വിഭാഗം മേധാവി ഡോ. സെൽവൻ എസ്, കായിക പരിശീലകരായ പി. പി പോൾ, എം. എ. ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നേട്ടങ്ങൾക്ക് പിന്നിൽ പ്രയത്നിച്ച പരിശീലകരെയും, കായികതാരങ്ങളെയും കായിക വിഭാഗത്തെയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അധ്യാപക -അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.