- ഫൈസല്‍ കെ എം
മൂവാറ്റുപുഴ: വവ്വാല് കടിച്ച റംബൂട്ടാന് പഴത്തില്‍ നിന്നാണ് നിപ ബാധ ഉണ്ടായതെന്ന സംശയത്തോടെ വിപണിയില്‍ റംബൂട്ടാന് പഴങ്ങള്‍ക്ക് തിരിച്ചടി. കിലോയ്ക്ക് നൂറ്റിയമ്പത് രൂപയിലധികം വില ലഭിച്ചിരുന്ന റംബൂട്ടാന് ഇപ്പോള്‍ വാങ്ങാന്‍ ആളെത്താത്തതിനാല്‍ വിലിയിടിവു നേരിടുകയാണ്. വവ്വാലുകളോ മറ്റ് പക്ഷികളോ ഭക്ഷിച്ച പഴങ്ങള്‍ ഉപേക്ഷിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ പഴവര്‍ഗത്തെ പൂര്‍ണമായി ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്ന സാമൂഹിക മാധ്യമ പ്രചാരണത്തിലൂടെ സങ്കീര്‍ണമാക്കുകയാണ്. പൂര്‍ണ്ണമായും പഴങ്ങള്‍ ആഹാരത്തില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദ്ദേശം ഇതുവരെ ആരോഗ്യവകുപ്പ് നല്‍കിയിട്ടില്ല. ശാസ്ത്രീയമായ വിശദീകരണം പോലും കേള്‍ക്കാതെ ദുഷ്പ്രചരണം നടത്തി വ്യാപാരികളെയും റംബൂട്ടാന് കര്‍ഷകരെയും ദ്രോഹിക്കരുതെന്ന ആവശ്യവുമായി വിവിധ കര്‍ഷക സംഘടനകളും വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.
നിപ ബാധയുടെ ആദ്യ ഘട്ടത്തിലും ഇത് പോലെ സമൂഹമാധ്യമങ്ങളിലൂടെ യുള്ള പ്രചരണത്തെ തുടര്‍ന്ന് പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന വ്യാപാരികളും കര്‍ഷകരും വിലയ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു. ട്രോളുകള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നതിനാല്‍ ആളുകള്‍ പഴവര്‍ഗങ്ങള്‍ വാങ്ങാന്‍ വിമുഖത കാട്ടുകയാണ്. നിപ വൈറസ് ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥി റംബൂട്ടാന് കഴിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ റംബൂട്ടാന് എതിരെ പ്രചാരണം ശക്തമായത്. പഴങ്ങള്‍ ഏതായാലും വവ്വാല് കടിച്ചതാണെന്ന് കണ്ടാല്‍ കളയുക. അല്ലാതെ പഴവര്‍ഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക അല്ല വേണ്ടതെന്നും കര്‍ഷകര്‍ പറയുന്നു.
കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ 5 വര്‍ഷമായി റംബൂട്ടാന് കൃഷി വ്യാപകമാണ്. ഏക്കറു കണക്കിനു റബര്‍ തോട്ടങ്ങളില്‍ നിന്ന് റബര്‍ മരങ്ങള്‍ വെട്ടിമാറ്റി റംബൂട്ടാന് കൃഷി ആരംഭിച്ച കര്‍ഷകരുമുണ്ട്. കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, ആയവന, ആരക്കുഴ, വാളകം, പായിപ്ര പഞ്ചായത്തുകളിലാണ് റംബൂട്ടാന് കൃഷി വ്യാപകമായിരിക്കുന്നത്. ഇവിടങ്ങളില്‍ റംബൂട്ടാന് പഴങ്ങള്‍ എല്ലാം തന്നെ വലയിട്ട് പക്ഷികള്‍ കൊത്താതെയാണ് കൃഷി ചെയ്യുന്നത്.
ചിത്രം- ജോളി പൊട്ടയ്ക്കല്‍ വിളവെടുത്ത റംബൂട്ടാന് പഴങ്ങളുമായി.