പിണ്ടിമന: വേട്ടാമ്പാറയിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ടർ മിക്സിംഗ് പ്ലാൻ്റിനെതിരെ നാട്ടുകാരുടെ ജനകീയ പ്രതിഷേധം ആർത്തിരമ്പി. കേന്ദ്ര-സംസ്ഥാന നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃതമായി ടാർമിക്സ് പ്ലാൻ്റിന് ലൈസൻസ് നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്
വേട്ടാപാറ പൗരസമിതിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ മലിനീകരണ നിയന്ത്രണ ബോർഡിലേക്ക് നൂറുകണക്കിന് ആളുകളെത്തി ഓഫീസ് പടിക്കൽ പ്രതിഷേധ ധർണനടത്തി. ധർണ്ണാസമരം
പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കോതമംഗലം രൂപത എ.കെ.സി.സി പ്രസിഡന്റുമായ സണ്ണി കടുത്താഴെ മുഖ്യപ്രഭാഷണം നടത്തി. അനധികൃതമായി നൽകിയ ലൈസൻസ് പിൻവലിച്ച് വേട്ടാമ്പാറ നിവാസികളുടെ ആശങ്കയകറ്റിയില്ലെങ്കിൽ അതിശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പൗരസമിതി പ്രസിഡന്റ് ഇ കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പൗരസമിതി രക്ഷാധികാരിയും വേട്ടാപാറ പള്ളി വികാരിയുമായ ഫാദർ ജോഷി നിരപ്പേൽ ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സിബി പോൾ, ജോളി ജോർജ്, ജോസ് കുര്യൻ, സോവി കൃഷ്ണൻ, യോഹന്നാൻ ടി എം, സൗമ്യപോൾ, ജനപ്രതിനിധികളായ
വിൽസൺ ജോൺ, ബേസിൽ തണ്ണിക്കോട്ട്, ആശാവർക്കർ സിസിലി പി.ജെ, റിട്ടയേഡ് എച്ച് എം-കെ എ ജോസഫ്, മോളി ജോസ്, ടിഷ മൈക്കിൾ എന്നിവർ സംസാരിച്ചു.
ടാർ മിക്സിങ് പ്ലാന്റിന് അനധികൃതമായി നൽകിയ ലൈസൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമ ഹർജിയും നൽകി. സ്ത്രീകളും വൃദ്ധരും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ പ്രകടനമായിട്ടാണ് ധാർണസമരത്തിൽ പങ്കെടുത്തത് . കോ- ഓസിനേറ്റർ കെ.യു ജോസ് സ്വാഗതവും സെക്രട്ടറി ജിജു വർഗീസ് നന്ദിയും രേഖപ്പെടുത്തി.