കോതമംഗലം : പുന്നേക്കാട് കളപ്പാറയില്‍ മ്ലാവ് ഓട്ടോയില്‍ ഇടിച്ച് മാമലകണ്ടം സ്വദേശിയായ യുവാവിന്റെ ദാരുണാന്ത്യത്തില്‍ നാടാകെ പ്രതിഷേധം ശക്തം. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ഭൂതത്താന്‍ കെട്ട് മുതല്‍ പോത്തുപാറ വരെ ട്രഞ്ചും ഫെന്‍സിങും, പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ രണ്ടര കിലോമീറ്റര്‍ ഫെന്‍സിംഗും വഴിവിളക്കും സ്ഥാപിക്കുകയും കൂടുതല്‍ ആന വാച്ചര്‍മാരെ നിയമിക്കുകയും ഇവര്‍ക്ക് മാസംതോറും മുടക്കമില്ലാതെ ശമ്പളവും, റോഡിന് ഇരുവശത്തേ കാട്‌വെട്ടും അടിയന്തിരമായി നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വെളിയേൽചാൽ സെൻ്റ് ജോസഫ് ഫൊറോന പള്ളി വികാരി റവ.ഡോ. തോമസ് ജെ. പറയിടം ഉദ്ഘാടനം ചെയ്തു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, ബീന റോജോ, ജോമി തെക്കേക്കര, ഗോപി മുട്ടത്ത്, മഞ്ജു സാബു, കെ.എ. സിബി, ജോജി സ്‌കറിയ, എ.പി. എല്‍ദോസ്, പി.എ. രവി, എ.ടി. പൗലോസ്, ഫാ. സിബി ഇടപുളവന്‍ എന്നിവര്‍ പങ്കെടുത്തു.
