കൊച്ചി: അധ്യാപകർക്ക് കുടിശികയുണ്ടായിരുന്ന 7 ഗഡു ക്ഷാമബത്തയിൽ ഒരു ഗഡു മാത്രം (2%)അനുവദിച്ച് ചരിത്രത്തിലാദ്യമായി കുടിശിക നൽകാതെ അധ്യാപകരെ സർക്കാർ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ കോതമംഗലം സിവിൽ സ്റ്റേഷനു മുൻപിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. 7 ഗഡു ഡി എ യിൽ അനുവദിച്ച ഒരു ഗഡുവിൽ തന്നെ 39 മാസത്തെ കുടിശിക നൽകാതെ ജീവനക്കാരെയും അധ്യാപകരെയും കബളിപ്പിക്കുന്ന സർക്കാർ 2019 ൽ നടപ്പിലാക്കിയ ശമ്പള പരിഷ്കരണ കുടിശികയും നൽകിയിട്ടില്ല. മന്ത്രിമാരുടെ സ്റ്റാഫിനും ഐ എ എസ് ഉദ്യോഗസ്ഥർക്കും കുടിശികയില്ലാതെ ഡി എ നൽകുമ്പോൾ സർക്കാരിന് വേണ്ടി പണിയെടുക്കുന്ന മറ്റു വിഭാഗങ്ങളെ കാണാതെ പോകുന്നത് ജനാധിപത്യവിരുദ്ധവും നീതികേടുമാണെന് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത കെ പി എസ്.ടി.എ ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് പറഞ്ഞു. സർക്കാർ ജീവനക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരിൽ മുഴുവൻ ജനാധിപത്യ ചേരിയേയും ചേർത്ത് നിർത്തി ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്നും മാർച്ച് 26 ന് വിദ്യാലയങ്ങളിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി എ നിഷേധത്തിനെതിരെ കെ പി എസ് ടി എ സംസ്ഥാനത്തെ ഉപജില്ല ഓഫീസുകൾക്കു മുൻപിൽ നടത്തുന്ന മാർച്ചിൻ്റെയും ധർണ്ണയുടെയും ഭാഗമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിൻസന്റ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
സബ് ജില്ലാ പ്രസിഡണ്ട് സിജു ഏലിയാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് റോയി മാത്യു ,സെക്രട്ടറി നോബിൾ വറുഗീസ്, സബ്ബ് ജില്ലാ സെക്രട്ടറി ബേസിൽ ജോർജ്, ട്രഷറർ ബോബിൻ ബോസ് , രാജേഷ് പ്രഭാകർ ,എൽദോസ് സ്റ്റീഫൻ , സിനു സണ്ണി, ആൽബിൻ ബിനു തുടങ്ങിയവർ പ്രസംഗിച്ചു..തുടർന്ന് ഡി എ അനുവദിച്ച സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.