കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്ത് നേര്യമംഗലം മുതൽ വാളറ വരെഅപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാത്തതിൽ പ്രതിഷേധിച്ച് ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും വാളറയിൽ ദേശീയപാത ഉപരോധവും, നേര്യമംഗലത്ത് മുറിക്കൽ സമരവും നടന്നു. ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.
ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെ യുള്ള വനമേഖലയിൽ അപകടാ വസ്ഥയിൽ നിൽക്കുന്ന മരങ്ങൾ റവന്യൂ വനം വകുപ്പുകൾ മുറിച്ചു മാറ്റിയിട്ടില്ല.259 മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നതായി വനം വകുപ്പ് തന്നെ കണ്ടെത്തി കളക്ടർക്ക് റിപ്പോർട്ട് നൽകിയതാണ്.എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും അടുത്തദിവസം മരങ്ങൾ മുറിച്ചു നീക്കുമെന്നും മൂന്നാറിൽ എത്തിയ വനം മന്ത്രിയും പറഞ്ഞിരുന്നു.എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിലാണ് അപകടവസ്ഥയിലുള്ള നിരവധി മരങ്ങൾ നിൽക്കുന്നത്.ചൊവ്വാഴ്ച നടന്ന പൊതുപണിമുടക്ക് പൂർണ്ണമായിരുന്നു.മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞു കിടന്നു, വാഹനങ്ങൾ ഓടിയില്ല, സ്വകാര്യ ബസ്സുകളും സർവീസ് നടത്തിയില്ല.പൊതുപണിമുടക്കിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വാളറയിൽ ദേശീയപാത ഉപരോധ സമരം ആരംഭിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോമൻ ചെല്ലപ്പൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.രണ്ടുമണിക്കൂറോളം ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞു.ഇടയ്ക്ക് വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.ഉദ്ഘാടനത്തിനുശേഷം സമരക്കാർ പ്രകടനമായി വാളറയ്ക്കും – ചീയപ്പാറ ക്കും ഇടയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന രണ്ടു മരങ്ങൾ
വെട്ടി മാറ്റി.അധികൃതരുടെ അനാസ്ഥ തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ മരങ്ങൾ വെട്ടി മാറ്റുമെന്ന് ഹൈവേ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.മരം മുറിച്ചു നീക്കുമ്പോൾ പോലീസോ , വനപാലകരോ
സ്ഥലത്ത് എത്തിയില്ല.250 ഓളം പേർ സമരത്തിൽ പങ്കെടുത്തു.
ദേശീയപാതയിൽ അപകടാവസ്‌ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കിയ തായി വനം വകുപ്പും, ജില്ലാ മണ്ണ് സംരക്ഷണ വിഭാഗവും കളക്ടർക്ക് ഒരു മാസം മുൻപ് സത്യവിരുദ്ധമായ
റിപ്പോർട്ട് നൽകി.
സത്യവിരുദ്ധമായ ഈ ഉത്തരവ് കളക്ടർ പുനഃ പരിശോധിക്കണമെന്നും, സമരക്കാർ ആവശ്യപ്പെടുന്നു.വാളറയിൽ നടന്ന ഉപരോധ സമരത്തിൽ ദേശീയപാത സംരക്ഷണ സമിതി ചെയർമാൻ പി. എം. ബേബി, കോയ അമ്പാട്ട്, കെ. ആർ വിനോദ്, റസാക്ക് ചൂരവേലിൽ, എം. എ അൻസാരി, എം.പി സൈനുദ്ദീൻ, ബാബു’ പി കുര്യാക്കോസ്, പി.എ. ബഷീർ, പിസി രാജൻ, എൽദോസ് വാളറ,,അനസ് ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.വനത്തിനുള്ളിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റി പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് നേര്യമംഗലം റേഞ്ച് ഓഫീസർ
പറഞ്ഞു.