കൊച്ചി: പൊതുഗതാഗതത്തിന്റെ ഭാഗമായ എല്ലാ സ്വകാര്യബസുകളും സര്‍വീസ് താത്കാലികമായി നിര്‍ത്താനുള്ള നീക്കത്തില്‍. സംസ്ഥാനത്തെ 10,600 സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം മോട്ടോർവഹന വകുപ്പിന് അപേക്ഷ നല്‍കിയിട്ടുള്ളത്. അടച്ചിടലില്‍ നിര്‍ത്തിയിടേണ്ടിവന്ന ബസുകള്‍ പുറത്തിറക്കണമെങ്കില്‍ ഓരോന്നിനും രണ്ടുലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് പ്രൈവറ്റ് ബസ് ഉടമകൾ പറയുന്നത് . പലതിന്റെയും ബോഡി പൊളിഞ്ഞുതുടങ്ങി. ടയറുകള്‍ മാറ്റേണ്ട സ്ഥിതിയായി. ചോര്‍ച്ചയുണ്ടാകാനും സാധ്യത കൂടുതലാണ്. എന്ജിന് തകരാറുകള്‍ക്കും സാധ്യതയുണ്ട്. ബാറ്ററി തകരാറുകള്‍ വ്യാപകമാണ്. പല ബസുകളുടെയും ടെസ്റ്റ് കാലാവധി കഴിഞ്ഞിട്ടുണ്ട്. വീണ്ടും ടെസ്റ്റ് നടത്താന്‍ ബസ് സജ്ജമാക്കണമെങ്കില്‍ ഒരുലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നും ആയതിനാൽ സർവ്വീസ് നിർത്താതെ മാർഗ്ഗമില്ലന്നും തൊഴിലാളികളെ ബസുടമകൾ അറിയിച്ചത്.
സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നതിലൂടെ നികുതിയിനത്തില്‍ മാത്രം സര്‍ക്കാരിന് പ്രതിദിനം 42 ലക്ഷം രൂപ നഷ്ടമുണ്ടാകും. ഒരുദിവസം ഒരു ബസിന് 322 രൂപയാണ് നികുതിയായി നല്‍കേണ്ടത്. കൂടാതെ ഡീസല്‍വില്‍പ്പനയിലൂടെ നികുതിയിനത്തില്‍ ലഭിക്കുന്ന തുകയും നഷ്ടമാകും. പ്രതിദിനം ഒരുകോടിയോളം രൂപവരും ഇത്.
ദുരിതത്തിലായി തൊഴിൽ നഷ്ടപ്പെടുന്നത് 46,000 ഓളം ജീവനക്കാര്‍ക്കാണ്.
ഇപ്പോൾ തന്നെ ബസ് തൊഴിലാളികളുടെ നിത്യജീവിതം ദുരിതത്തിലാണ്. ഒരു ബസില്‍ ഒരുസമയത്ത് മൂന്നുജീവനക്കാരുണ്ടാവും. ചില ബസ്സുകളിൽ നാല് പേരും. ക്ഷേമനിധിയിലുള്ളവര്‍ക്ക് അയ്യായിരം രൂപ സഹായധനം കിട്ടി. പക്ഷേ, ഭൂരിപക്ഷം ജീവനക്കാരും ക്ഷേമനിധിയില്‍ ഇല്ല. ഈ മേഖലയിൽ പണിയെടുത്ത് വന്നിരുന്ന തൊഴിലാളികൾക്ക് മറ്റൊരു തൊഴിൾ തേടി ചെയ്യാനുള്ള അറിവോ കാര്യപ്രാപ്തിയോ ഇല്ല. ഈ സാഹചര്യത്തിൽ സർവ്വീസ് നിർത്തുന്ന സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് സാമ്പത്തിക പാക്കേജ് അനുവദിച്ച് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രനും സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയും ആവശ്യപ്പെട്ടു.