കോതമംഗലം: അനധികൃതമായി കുന്നിടിച്ച് പാടം നികത്തിയ കേസിൽ മണ്ണു മാന്തി യന്ത്രവും ടിപ്പറും ഉൾപ്പെടെ നാല് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. കറുകടം, പാലക്കുഴി പുത്തൻപുര വീട്ടിൽ ജീവൻ ഉണ്ണി, കല്ലൂർക്കാട് പുത്തൻപുരയ്ക്കൽ ശരത് ശശി എന്നിവരുടെ ഉടമസ്ഥതയിലുള്ള ടിപ്പർ, വാരപ്പെട്ടി അറക്കൽ പ്രിയദർശൻ, നെല്ലിക്കുഴി ചക്കുങ്ങൽ വീട്ടിൽ നവാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ജെസിബി എന്നിവയാണ് കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ശനിയാഴ്ച പുലർച്ചെ മൂന്നു മണിക്ക് വാരപ്പെട്ടി കോഴിപ്പിള്ളി യുപി
സ്കൂളിന് സമീപമുള്ള കുന്നാണ് അനധികൃതമായി ഇടിച്ച് നിരത്തിയത്. വാരപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും രാത്രിയിൽ അനധികൃതമായി മണ്ണെടുപ്പ് നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി മണ്ണ് ഖനനം നടത്തുകയായിരുന്ന വാഹനങ്ങൾ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി
വകുപ്പിന് കൈമാറി. പരിശോധനാ സംഘത്തിൽ കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി.ബിജോയ്, എ എസ് ഐ കെ.പി.സജി, സീനിയർ സി പി ഒ നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.