കോതമംഗലം : കോതമംഗലം എം. എ. കോളേജിലെ സപ്ത പ്രദർശന നഗരിയെ ആവേശത്തിൽ ആറാടിച്ച് കേരള പോലീസിന്റെ ശ്വാന പരിശീലന പ്രദർശനം . കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എക്സിബിഷനിലാണ് കേരള പൊലീസിന്റെ കൊച്ചി,കളമശ്ശേരി കെ 9 ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ അഭ്യാസ പ്രകടനം സംഘടിപ്പിച്ചത്. മണം പിടിച്ച് കുറ്റവാളികളെയും സ്ഫോടക വസ്തുക്കളുമെല്ലാം കണ്ടെത്തുന്ന നായ്ക്കളെ നേരിട്ട് കാണാനും അഭ്യാസ പ്രകടനം ആസ്വദിക്കാനും നൂറുകണക്കിന് പേരാണ് പ്രദർശന നഗരിയിൽ ഒത്തു ചേർന്നത്.
ബെൽജിയം മലിനോയിസ് ഇനത്തിൽപ്പെട്ട അർജുൻ, ബീഗിൾ ഇനത്തിലുള്ള ബെർട്ടി, ജർമ്മൻ ഷെപ്പേർഡായ റൂണി എന്നിവരായിരുന്നു താരങ്ങൾ.പരിശീലകാരായ അസ്സി. സബ് ഇൻസ്‌പെക്ടർ പ്രബീഷ് ശങ്കർ,സിൽജൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ ഹേമന്ത്, ഹരികൃഷ്ണൻ, എൽദോ ജോയ്, ബിനു പൗലോസ് എന്നിവരുടെ നിർദ്ദേശങ്ങൾ അനുസരണയോടെ കേട്ട് മിന്നും പ്രകടനമാണ് ഇവർ നടത്തിയത്.
നിറഞ്ഞ കൈയടികളോടെയാണ് ഓരോ പ്രകടനവും കാണികൾ കണ്ട് ആസ്വദിച്ചത് .
ലഭ്യമായ തെളിവുകൾ ഉപയോഗിച്ച് കുറ്റവാളികളെ മണത്ത് പിടിക്കുന്നതും ലഹരി വസ്തുക്കളും സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതുമെല്ലാം നേരിട്ട് കാണാൻ കഴിഞ്ഞത് എം. എ. കോളേജിലെ കാണികൾക്ക് കൗതുകമായി. എം. എ. എഞ്ചി. കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസിന്റെ തൂവാല മണം പിടിച്ചതിനു ശേഷം അദ്ദേഹത്തെ മണത്തു കണ്ടു പിടിച്ചതുമെല്ലാം കാണികൾ അത്ഭുതത്തോടെയാണ് കണ്ടു നിന്നത്.ഏറ്റവും നന്ദിയുള്ള ജീവി എന്ന വിശേഷണം അന്വർത്ഥമാക്കുന്ന തരത്തിൽ നായ്ക്കൾക്ക് പരിശീലകരുമായുള്ള ഇഴ പിരിയാത്ത ബന്ധവും, കരുതലുമെല്ലാം വൈകാരിക അനുഭവമായിരുന്നു. ഡോഗ് സ്ക്വാഡിലുള്ള ഉദ്യോഗസ്ഥരെ കൂടാതെ പൊതു ജനങ്ങളെയും പങ്കാളികളാക്കിയായിരുന്നു അഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്.
ദേഹ പരിശോധന, വാഹന പരിശോധന, ബാഗ് പരിശോധന എന്നിവക്ക് പുറമേ ഹർഡിൽ ഉൾപ്പെടെ പ്രതിബന്ധങ്ങൾ ചാടിക്കടക്കുന്നതും നായ്ക്കളുടെ ശാരീരിക ക്ഷമത കാണിക്കുന്ന അഭ്യാസ പ്രകടനങ്ങളും അവതരിപ്പിച്ചിച്ചു.
അഭ്യാസ പ്രകടനങ്ങൾക്ക് ശേഷം നായ്ക്കളെ തൊടാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും നിരവധി പേരായിരുന്നു തിരക്ക് കൂട്ടിയത്. കളമശ്ശേരി കെ 9 ഡോഗ് സ്‌ക്വാഡ്ലെ സബ് ഇൻസ്‌പെക്ടർ മോഹൻകുമാർ പി ആർ ന്റെ നേതൃത്വത്തിലായിരുന്നു
നായ്ക്കളെ പ്രകടനത്തിന് ഒരുക്കിയത്.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				