- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : മൂന്നു വർഷങ്ങൾക്കു മുൻപ് ആരംഭിച്ച കണ്ണക്കട -ഊരംകുഴി റോഡ് പണി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പണി പൂർത്തിയാക്കാൻ ആകാതെ ഇഴയുന്നു. നിലവിലുണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് നാട്ടുകാർക്ക് ദുരിതം സമ്മാനിച്ച രണ്ടുവർഷത്തോളം ഈറോഡ് സഞ്ചാരയോഗ്യമല്ലാത്ത കിടക്കുകയായിരുന്നു. കുറച്ചുനാളുകൾക്കു മുമ്പ് ഉണ്ടായിട്ടുള്ള ജനകീയ പ്രക്ഷോഭത്തിൽ റോഡ് പണി വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ഇരുമലപ്പടി മുതൽ കണ്ണക്കടവരെയുള്ള ഭാഗം ആദ്യഘട്ടത്തിൽ പൂർത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു അധികാരികൾ. എന്നാൽ വികസനത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് തലമുടി കല്ലുമല കയറ്റത്തിൽ ഒരു കിലോമീറ്ററോളം ദൂരം വീതികൂട്ടാൻ ആകാതെ ഉദ്യോഗസ്ഥർ ഉപേക്ഷിച്ച് പോവുകയായിരുന്നു.
നിലവിൽ പി. ഡബ്ല്യൂ. ഡി സ്ഥലത്ത് രണ്ട് താമസക്കാരെ ഒഴിപ്പിക്കാൻ സാധിക്കാത്തതാണ് റോഡ് പണി തടസ്സപ്പെടുത്താൻ കാരണം. ഇതേ സ്ഥലത്ത് ഇതിനുമുമ്പ് ഉണ്ടായിരുന്ന ആളുകളെല്ലാം റോഡ് പണിയുമായി ബന്ധപ്പെട്ട ഒഴിഞ്ഞു പോയിരുന്നു. കോതമംഗലം മണ്ഡലത്തിലെ സ്വപ്നപദ്ധതിയായ ഊരംകുഴി – കണ്ണക്കട കിഫ്ബി പ്രോജക്ട് കല്ലുമല കയറ്റത്തിൽ തട്ടി നിൽക്കുകയാണ്. കല്ലുമല കയറ്റം കൂടി വീതികൂട്ടി ആദ്യഘട്ടം പൂർത്തീകരിച്ചാൽ മാത്രമേ രണ്ടാംഘട്ടത്തിൽ ബിസി ടാറിങ് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.
നിലവിൽ രണ്ടു വീടുകളാണ് ഒഴിഞ്ഞുപോകുവാൻ ഉള്ളത് , അതിൽ ഒരു വീട്ടുകാർക്ക് മറ്റൊരു വീടും സ്ഥലവും സ്വന്തം പേരിൽ തന്നെയുണ്ട്, രണ്ടാമത്തെ വീട്ടുകാർക്ക് സ്ഥലം ലഭിച്ചിട്ടുണ്ട് ആ സ്ഥലത്ത് വീട് പണിയാനുള്ള ഫണ്ടും പഞ്ചായത്തിൽ നിന്നും വൈകാതെ കൈമാറും. വീടില്ലാത്ത വ്യക്തിക്ക് പുനരധിവാസത്തിന് പഞ്ചായത്ത് തയ്യാറാണ്. പി. ഡബ്ല്യൂ. ഡി സ്ഥലം കയ്യേറിയവരെ ഒഴിപ്പിക്കണ്ടത് അവരുടെ കടമയാണെന്ന് കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പറയുന്നു.
നിലവിൽ ഉള്ള വീടുകൾക്ക് നമ്പറിട്ട് നൽകിയത് പഞ്ചായത്ത് ഉദ്യോഗസ്ഥരാണ്. പഞ്ചായത്തിന്റെ രേഖയിലുള്ള ഈ രണ്ടു വീടുകളിലെ താമസക്കാരെ അവിടെ നിന്നും മാറ്റിയതിനു ശേഷം മാത്രമേ വീടുകൾ പൊളിച്ചുള്ള സ്ഥലമെടുപ്പ് നടക്കുകയുള്ളൂ. പിഡബ്ല്യുഡി പുറമ്പോക്കിൽ താമസിക്കുന്ന വ്യക്തികൾക്ക് വീട്ടു നമ്പർ ഇട്ടു കൊടുത്തവർ തന്നെ അവരെ ഒഴിപ്പിച്ച് ആ സ്ഥലം പിഡബ്ല്യുഡി കൈമാറേണ്ടതാണെന്ന്
അസി. എക്സി. എഞ്ചിനിയർ പി. ഡബ്ല്യൂ. ഡി വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഈ റോഡിന്റെ ശോചനീയാവസ്ഥ നേരിട്ട് കാണുവാൻ വന്നപ്പോൾ ആണ് ഡീൻ കുര്യാക്കോസ് എം.പിയുടെ വാഹനത്തിന്റെ അടി തട്ടിയത്. തുടർന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് പാം ബഷീർ സ്ഥലം സന്ദർശിക്കുകയായിരുന്നു.