ഏബിൾ. സി. അലക്സ്
കോതമംഗലം: നാൽക്കവലകളും, ഗ്രാമപ്രദേശങ്ങളിലെ ആൾ സഞ്ചാരം കുറവുള്ള മേഖലകളും മദ്യപാനികളുടെ കേന്ദ്രമായി മാറുന്നു.വനമേഖലയിലൂടെയും, റബ്ബർ തോട്ടങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന പ്രധാന പാതയുടെ ഓരം പറ്റിയാണ് ഇക്കുട്ടരുടെ മദ്യസേവ .തണൽ മരങ്ങളുടെ ചുവട്ടിൽ വഹ്നങ്ങൾ ഒതുക്കിയാണ് ഇവരുടെ ഈ കലാപരിപാടികൾ. പിണ്ടിമന പഞ്ചായത്തിലെ നാടോടി പാലത്തിനു അടുത്തു റബ്ബർത്തോട്ടത്തിനോടു ചേർന്നുവീതിയുള്ള സ്ഥലത്തും , ചെമ്മീൻകുത്ത് പാലത്തിനു സമീപമുള്ള കുളിക്കടവിലും ,തടിമില്ലിനു സമീപം കനാൽ ബണ്ടിനോടു ചേർന്നുള്ള വലിയ മരത്തിൻ്റെ ചുവട്ടിലും ,ആനോട്ടുപാറ, കോച്ചേരിത്തണ്ട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇത്തരം മദ്യപസംഘങ്ങളെ കാണുവാൻ സാധിക്കും.
എക്സൈസ് സംഘം ഊർജിതമായി പെട്രോളിംഗ് നടത്തുകയും, അനധികൃത വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും അവരുടെയൊക്കെ കണ്ണുവെട്ടിച്ചാണു ഇക്കുട്ടരുടെ മദ്യപിക്കൽ . ചിലപ്പോൾ ഇത്തരക്കാർ പ്രദേശവാസികൾക്ക് വലിയ തലവേദനയും സൃഷ്ടിക്കാറുണ്ട്. രാത്രി കാലങ്ങളിൽ കുളിക്കടവുകൾ കേന്ദ്രികരിച്ച് ഇക്കുട്ടർ മദ്യസേവയും വാഹനങ്ങളിലെ സൗണ്ട് സിസ്റ്റം ഉച്ചത്തിൽ വച്ചുകൊണ്ട് നൃത്ത പരിപാടികളും അരങ്ങേറുന്നു. എക്സ്സൈസ് വിഭാഗം ഗ്രാമ പ്രദേശങ്ങളിലൂടെയും, ആളൊഴിഞ്ഞ ഇത്തരം പ്രദേശങ്ങളിലൂടെയും പെട്രോളിംഗ് കാര്യക്ഷമമാക്കിയാൽ ഒരു പരിധിവരെ പൊതു വഴിയിൽനിന്നുള്ള മദ്യപാനം തടയുവാൻ സാധിക്കും.