പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കിസ്സാൻമിത്ര കർഷക ഗ്രൂപ്പ് പുറത്തിറക്കിയ ഔഷധ ഗുണമുള്ള രക്തശാലി അരിയുടെ വിപണനം ആരംഭിച്ചു. കൃഷിഭവൻ ഹാളിൽ വച്ച് നടന്ന വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു കർഷകനായ സുനിൽ വർഗ്ഗീസിന് നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സിബി പോൾ, രാധാമോഹനൻ , ബെന്നി പുതുക്കയിൽ, ജെമിനി കുര്യൻ, രഞ്ജിത്ത് തോമസ്സ് ,ആദില യൂസഫ് , ഹരിപ്രിയ ബോസ്, എന്നിവർ സംസാരിച്ചു. കിസ്സാൻ മിത്ര കൺവീനർ കെ.പി ഷിജോയുടെ അയിരൂർ പ്പാടത്തെ ഒരേക്കർ പാടത്ത് കൃഷിചെയ്ത രക്ത ശാലി ഇനം അരിയാണ് ഒരു കിലോ വീതം പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കിയത്.
ഇരുമ്പു സത്തും ധാതുലവണങ്ങളും ധാരാളം അടങ്ങിയ രക്തശാലി അരി കൊളസ്ട്രോൾ കുറക്കുന്നതിനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഏറെ ഔഷധ ഗുണമുള്ള രക്ത ശാലിയിൽ ക്യാൻസർ കോശങ്ങളെ തടയുന്നതിനുള്ള ഒട്ടേറെ ഘടകങ്ങൾ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആദ്യഘട്ടത്തിൽ നൂറ് കിലോ അരിക്ക് പുറമെ കിസ്സാൻ മിത്ര കർഷക ഗ്രൂപ്പിന്റെ വിവിധങ്ങളായ മുല്യ വർദ്ധിത ഉല്പന്നങ്ങൾ കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സംഭരണ വിപണ കേന്ദ്രം വഴി വിറ്റഴിക്കുന്നു. രക്തശാലിയുടെ ഔഷധ ഗുണങ്ങളുടെ ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ കൃഷിയിറക്കി യുവതലമുറയെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനാണ് പിണ്ടിമന കൃഷിഭവന്റെ ലക്ഷ്യം. കൃഷി ഓഫീസർ ഇ.എം മനോജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ് നന്ദിയും പറഞ്ഞു.