കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വെറ്റിലപ്പാറ മെയിൻ റോഡ് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. രണ്ടാം തവണയാണ് ഈ വാഴത്തോട്ടം ആന നശിപ്പിക്കുന്നത്. സമീപത്തെ കയ്യാലകളും തകർത്താണ് ആന കൃഷിയിടത്തിലെത്തിയത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ചാത്തൻ ചിറയിൽ സി.പി. കുഞ്ഞുമോൻ്റെ കുലച്ചതും കുലക്കാത്തതുമായ നൂറോളം ഏത്തവാഴകളും, പച്ചക്കറി കൃഷികളുമാണ് കാട്ടാന നശിപ്പിച്ചത്.കൃഷിഭവൻ വഴി ഏത്തവാഴകൾ ഇൻഷൂർ ചെയ്തതാണ് ആശ്വാസമായി കർഷകൻ കാണുന്നത്.
വേട്ടാംമ്പാറക്ക് പുറമെ വെറ്റിലപ്പാറ ഭാഗത്തെ കർഷകരെ പൂർണ്ണമായും വിള ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള തീവ്ര നപടികൾ ആരംഭിച്ചതായി കൃഷിഭവൻ അധികൃതർ വ്യക്തമാക്കി. ആനകൾ നശിപ്പിച്ച വാഴത്തോട്ടം പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജുവിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർമാൻ മേരി പീറ്റർ, കൃഷി ഓഫീസർ ഇ.എം മനോജ്, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ്, ആദില യൂസഫ് , ഹരിപ്രിയ ബോസ് എന്നിവർ കൃഷിയിടം സന്ദർശിച്ചു.
ഫോട്ടോ: വെറ്റിലപ്പാറയിൽ കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ച കഞ്ഞുമോൻ ചാത്തൻചിറയിൽ എന്ന കർഷകൻ്റെ കൃഷിയിടം ജനപ്രതിനിധികളും, കൃഷിഭവൻ ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു