വേട്ടാംപാറ : മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന് എതിരെ കളക്ട്രേറ്റിൽ വകുപ്പിന്റെ ജില്ല ഓഫീസിനു മുൻപിൽ വേട്ടാംപാറ പൗരസമിതി പ്രതിഷേധ ധർണ്ണ നടത്തി . വേട്ടാപാറ നോബൽ ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പരിസ്ഥിതി മലിനീകരണവും അനധികൃത ഖനനവും നടത്തിയതിന്റെ പേരിൽ പിണ്ടിമന പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. എന്നാൽ സ്ഥാപന ഉടമ നൽകിയ കേസ് പരിഗണിക്കുന്ന വേളയിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോട് പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ആവശ്യപ്പെടുകയുണ്ടായി .
എന്നാൽ 2020ൽ ഖനനാനുമതി അവസാനിപ്പിച്ച കോറിയിൽ ക്രഷർ യൂണിറ്റിന്റെ മറവിൽ പാറഖനനം ചെയ്തു മറ്റ് വകഭേദവുമായി മാറ്റി കടത്തി കൊണ്ടിരുന്ന സ്ഥാപനത്തിന് അനുകൂലമായി സ്ഥലത്തും അനധികൃത ഖനനം നടക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചില്ല എന്ന തെറ്റായ സത്യവാങ്മൂലം സമർപ്പിക്കുകയാണ് വകുപ്പുമോധാവികൾ ചെയ്തത്. ഉപഗ്രഹ ചിത്രങ്ങളിലും പരിശോധന നടത്തിയ സമയത്ത് പൗരസമിതി എടുത്ത ചിത്രങ്ങളിലും അനധികൃതമായി ഖനനം നടക്കുന്നതായി മനസ്സിലാക്കാൻ കഴിയുന്നതാണെന്നും 2020 വരെ അളവിൽ കൂടുതൽ പാറ പൊട്ടിച്ചതിന് കനത്ത പിഴ ചുമത്തിയത് പിന്നീട് കുറച്ചു നൽകിയതും നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും പൗരസമിതി ആരോപിക്കുന്നു . പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന സ്ഥാപനം ഡീൻസ് ജാഗ്വാർ ഇൻഫ്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പുതുതായി ഒരു പാറമട ആരംഭിക്കുന്നതിനും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ഒത്താശ ഉണ്ടെന്നും പൗരസമിതി ആരോപിക്കുന്നു . പൗരുസമിതി പ്രസിഡണ്ട് സോവി കൃഷ്ണൻ അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണ പ്രമുഖ സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനായ ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു .
പരിസ്ഥിതി കോഡിനേറ്റർ പൗരസമിതി കോഡിനേറ്റർ ജോസ് കറുകപിള്ളിൽ സ്വാഗതം ആശംസിക്കുകയും രക്ഷാധികാരിയും വേട്ടാംപാറ സെൻറ് സെബാസ്റ്റ്യൻസ് പള്ളി വികാരിയുമായ ഫാദർ ജോഷി നിരപ്പിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു . ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സിബി പോൾ പൗരസമിതി ഭാരവാഹികളായ ഇ കെ ചന്ദ്രൻ , മൈക്കിൾ കൈതക്കൽ , K A ജോസഫ് , എം എസ് എബ്രഹാം ,ജസ്റ്റിൻ ജോസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രസംഗിച്ചു . നിരവധി പ്രവർത്തകർ പങ്കെടുത്ത ധർണിക്കുശേഷം പരാതികളും പ്രതിഷേധക്കുറിപ്പും മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ സമർപ്പിച്ചു . ഇതൊരു സൂചന സമരം മാത്രമാണെന്നും ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കിൽ അതിശക്തമായ സമരം സംഘടിപ്പിക്കുമെന്നും പൗരസമിതി മുന്നറിയിപ്പ് നൽകി.
