- ജെറിൽ ജോസ് കോട്ടപ്പടി.
കോതമംഗലം : നാട്ടുകാർക്കെതിരെ ശക്തമായ പരാതിയുമായി കാട്ടാനകൾ പിണ്ടിമന ഗ്രാമപഞ്ചായത്തിനു സമീപം വരെ എത്തി. വനാതിർത്തിയിൽ നിന്നും ഏഴു കിലോമീറ്ററോളം സഞ്ചരിച്ചാണ് കാട്ടാനകൾ ജനവാസ മേഖലയ്ക്ക് നടുവിലൂടെ പിണ്ടിമന ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം എത്തിയത്. കോതമംഗലം നിയോജകമണ്ഡലത്തിലെ ഏറ്റവുമധികം കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടിയും പിണ്ടിമനയും.
വനാതിർത്തിയിൽ താമസിക്കുന്ന ആളുകൾക്ക് നിരന്തരം ആനശല്യം ഉണ്ടാകുന്നുണ്ടെങ്കിലും പിണ്ടിമന പഞ്ചായത്ത് ഓഫീസിനു സമീപത്തേക്ക് ആനകൾ എത്തിയത് ജനങ്ങളെ ആകെപ്പാടെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കോടനാട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി ആനകളെ തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. ആന തിരിച്ച് വനത്തിലേക്ക് തന്നെ മടങ്ങി എന്നുള്ള നിഗമനത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. എന്നാൽ സമീപത്തുള്ള കാടുപിടിച്ചുകിടക്കുന്ന റബർതോട്ടത്തിനുള്ളിൽ ആന തമ്പടിച്ചിട്ടുണ്ടാവുമെന്ന ഭയത്തിൽ ആളുകൾ തിരച്ചിൽ തുടരുകയാണ്.
ജനവാസ മേഖലകളിലുള്ള കാട്ടാനകളുടെ കടന്നുകയറ്റം അതിരൂക്ഷമായി തുടരുകയാണ് കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളിൽ ശാശ്വതമായിട്ടുള്ള നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വനത്തിനു പുറത്ത് നാട്ടുവഴികളിൽ കാട്ടാനകളെ പേടിച്ചു യാത്രചെയ്യണ്ട അവസ്ഥയിലേക്ക് കോട്ടപ്പടി പിണ്ടിമന പ്രദേശവാസികൾ മാറുകയാണ്.