കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ശക്തമായ കാറ്റിലും പേമാരിയിലും ലക്ഷങ്ങളുടെ കൃഷി നാശം സംഭവിച്ചു. മുത്തംകുഴി, ചേലാട്, ചെമ്മീൻകുത്ത്, ഭൂതത്താൻകെട്ട് മേഖലകളിലാണ് കാറ്റ് നാശം വരുത്തിയത്. പ്രാഥമികമായി പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പാട്ടത്തിന് കൃഷി ചെയ്ത ചേലാട് ഏലാട്ട് വീട്ടിൽ സജി പൗലോസിന്റെ കുലക്കാത്ത മുന്നൂറോളം ഏത്തവാഴകളും, മുത്തംകുഴി പുളിക്കൽ സോഫിയുടെ കുലച്ച ഇരുന്നൂറ് ഏത്തവാഴ, ഭൂതത്താൻകെട്ട് മണലിക്കുടി പൗലോസിന്റെ കുലച്ച നൂറ്റിയൻമ്പതു ഏത്തവാഴകൾ, മുത്തം കുഴി വീപ്പനാട്ട് ഏലിയാസിന്റെ അമ്പത് കുലച്ച ഏത്തവാഴകൾ തുടങ്ങിയവ കാറ്റിൽ പൂർണ്ണമായും നശിച്ചു. പ്രദേശത്ത് നിരവധി കർഷകരുടെ കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
നാശനഷ്ടം സംഭവിച്ച കൂടുതൽ കർഷകരും കൃഷി വകുപ്പിന്റെ കാർഷിക വിള ഇൻഷൂറൻസ് പരിധിയിൽ ഉൾപ്പെട്ടതിനാൽ നാശനഷ്ടത്തിന്റെ തോത് കുറക്കാൻ കഴിയും എന്നതാണ് ആശ്വാസം. കൃഷി നാശം നേരിട്ട പ്രദേശങ്ങൾ പിണ്ടിമന കൃഷി ഉദ്യോഗസ്ഥരായ ഇ.പി. സാജു, വി.കെ.ജിൻസ് എന്നിവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കൃഷി നാശം സംഭവിച്ച കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പിണ്ടിമന കൃഷി ഓഫീസർ ഇ.എം. മനോജ് അറിയിച്ചു.