കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി യായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. മലയാറ്റൂർ ഡിവിഷനിൽ കോടനാട് റെയിഞ്ചിനു കീഴിൽ നബാർഡ് സ്കീമിൽ 30 കിലോമീറ്റർ സോളാർ ഫെൻസിംഗ് ചെയ്യുന്ന പ്രവൃത്തിയുടെ കരാർ 04/01/2025 ൽ ഒപ്പുവച്ചിട്ടുള്ളതും പ്രവൃത്തി ചെയ്യുന്നതിനായി ഫെബ്രുവരി മാസത്തിൽ സൈറ്റ് ഹാൻഡ് ഓവർ ചെയ്തിട്ടുള്ളതുമാണ്. മേൽ പ്രവർത്തിയുടെ ഭാഗമായി നാളിതുവരെ 2.6 കിലോമീറ്റർ ദൂരത്തിലെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുള്ളതും 5.7 കി.മീ. ദൂരത്തിലെ പ്രാഥമിക പ്രവൃത്തികൾ പൂർത്തീക-രിച്ചിട്ടുള്ളതുമാണ്.
സോളാർ ഫെൻസിംഗ് കടന്നുപോകുന്ന പ്രദേശത്തെ മരങ്ങൾ നിൽക്കുന്ന അവസ്ഥയിൽ ആറ് തവണ ഇ-ലേലം ചെയ്തിട്ടും വിറ്റു പോയിട്ടില്ലാത്തതാണ്. മേൽ പ്രദേശത്തെ ഹാർഡ്‌വുഡ് മരങ്ങൾ ഡിപ്പാർട്ട്മെന്റ് തലത്തിൽ മുറിച്ച് ഡിപ്പോയിൽ എത്തിക്കുന്നതിനും സോഫ്റ്റ് വുഡും അക്കേഷ്യ മരങ്ങളും ലേലം ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
സോളാർ ഫെൻസിംഗിന് തടസ്സമായി നിന്നിരുന്ന മരങ്ങൾ ലേലത്തിൽ വിറ്റു പോകാത്ത സാഹചര്യത്തിൽ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അദ്ധ്യക്ഷതയിൽ 22/08/2025 നു കരാറുകാരുടെ യോഗം വിളിച്ചു ചേർത്തിട്ടുളളതും, ഫെൻസിംഗ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
