ന്യൂഡൽഹി : വന്യജീവി ആക്രമണത്താൽ വലയുന്ന ജനസമൂഹങ്ങളുടെ ഭീതി അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂവേന്ദർ യാദവ് ഉറപ്പുനൽകി. പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവി ആക്രമണത്താൽ ഭയന്ന് കഴിയുന്നതും , ഫെൻസിങിന് മതിയായ തുക അനുവദിക്കാത്തതും ചൂണ്ടിക്കാണിച്ച് എൽദോസ് കുന്നപ്പള്ളി എംഎൽഎ കേന്ദ്ര വനം വകുപ്പ് മന്ത്രിക്ക് നിവേദനം കൈമാറി. കേരള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെയും , ഡീൻ കുര്യാക്കോസ് എംപിയുടെയും , മറ്റ് എംഎൽഎമാരുടെയും സാന്നിധ്യത്തിൽ ആയിരുന്നു നിവേദനം കൈമാറിയത്.
കൂവപ്പടി വേങ്ങൂർ പഞ്ചായത്തുകളിൽ വന്യജീവി ശല്യം രൂക്ഷമായി തുടരുകയും ഫെൻസിങ്ങിന് മതിയായ തുക ഈ പ്രദേശങ്ങളിൽ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ ഡൽഹിയിൽ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. പോങ്ങൻചുവട് ആദിവാസി കേന്ദ്രത്തിലേക്ക് 2.8 കിലോമീറ്റർ ദൈർഘ്യത്തിൽ ,അഞ്ചു മീറ്റർ വീതിയിൽ റോഡിനുള്ള അനുമതി വേഗത്തിലാക്കാനും നിവേദനത്തിൽ ആവശ്യപ്പെട്ടു. അനുകൂലമായ നടപടികൾ വേഗത്തിൽ ഉണ്ടാകുമെന്ന് സൗഹാർദ്ദ പൂർവ്വമായ സമീപനത്തോടെ കേന്ദ്ര മന്ത്രി വ്യക്തമാക്കി. തൊട്ടടുത്ത ആദിവാസി കുടിയായ താളുകണ്ടത്ത് ഫെൻസിംഗ് വരുന്നതോടെ പോങ്ങൻചോടിലെ ആളുകൾ ഭീതിയിലാണ്. ഈ പ്രദേശങ്ങളിലേക്ക് കടക്കാൻ കഴിയാത്ത ആനകൾ പോങ്ങൻ ചോടിലേക്ക് കടന്നു വരും എന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം. വേനൽ കാലങ്ങളിൽ പെരിയാർ നദിക്ക് കുറുകെ ഭക്ഷണം തേടിയിറങ്ങുന്ന ആനകളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടിയിരിക്കുകയാണ്. ഏതു സമയത്തും വീടുകളുടെ മുറ്റത്ത് ആനകൾ എത്താനുള്ള സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. മുമ്പൊക്കെ നാട്ടിൽ ഇറങ്ങുന്ന ആനകളെ പിടികൂടി കോടനാട് കേന്ദ്രത്തിൽ എത്തിക്കുകയും പരിശീലനങ്ങൾ നൽകുകയും ചെയ്തിരുന്നു. കാലക്രമേണ ഇത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ..കോടനാട് കേന്ദ്രത്തിൽ കുട്ടിയാനകളെ കാണാൻ ഒരുപാട് സന്ദർശകരും എത്തിയിരുന്നു .ഇപ്പോൾ സന്ദർശകർ വളരെ കുറഞ്ഞിരിക്കുകയാണ്.ഈ മേഖലയിലെ വനം വകുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ മന്ത്രിയും എംപിയും എംഎൽഎമാരും ഉൾപ്പെട്ട സംഘം ധരിപ്പിച്ചു എന്നും അനുഭാവപൂർവമായ നിലപാട് ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു.