പെരുമ്പാവൂർ: യുവാവിനെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടുകയും കാറിന്റെ ഉടമസ്ഥാവകാശം എഴുതി വാങ്ങുകയും ചെയ്ത കേസിൽ ആറംഗ സംഘം പിടിയിൽ. തണ്ടേക്കാട് പാലപ്പറമ്പിൽ ത്വയ്യിബ് (42), മാമ്പ്ര പള്ളത്ത് താരിസ് (33), മാഞ്ഞാലി പുത്തൻപറമ്പ് അനൂപ് (33), മാഞ്ഞാലി കൊച്ചു മണപ്പാടം രാകേഷ് (36), നെല്ലിക്കുഴി പുത്തൻ പുരക്കൽ അബിൻ (24), കോട്ടപ്പുറം ചീനവിള വീട്ടിൽ ആഷ്ലിൻ (23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം സ്വദേശി വിഷ്ണുവിനെയാണ് സംഘം പെരുമ്പാവൂരിൽ വച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. പങ്കുകച്ചവടക്കാരായിരുന്നു വിഷ്ണുവും, തിരുവനന്തപുരം സ്വദേശി ഷഫീഖും. പാർട്ട്ണർഷിപ്പ് പിരിഞ്ഞപ്പോൾ പണം നൽകിയില്ലെന്ന് പറഞ്ഞ് അത് വാങ്ങിക്കാൻ ഷഫീക്ക് ഈ സംഘത്തെ ഏൽപ്പിച്ചു. തുടർന്ന് വിഷ്ണവും ഷഫീഖും ധാരണയിലായി. ഇതിന്റെ വൈരാഗ്യത്തിലാണ് പെരുമ്പാവൂരിൽ എക്സിബിഷൻ സ്റ്റാൾ ഇടാൻ വന്ന വിഷ്ണുവിനെ സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവത്തിനുശേഷം സംഘം ഒളിവിൽ പോയി. ത്വയിബ് ഒഡീഷയിൽ 300 കിലോ കഞ്ചാവ് കടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്. താരീസ് കൊലപാതകം കവർച്ച മോഷണം ചാലക്കുടി കുഴൽപ്പണം തട്ടൽ തുടങ്ങിയ കേസിലെ പ്രതിയാണ്. അനൂപിന് ചാലക്കുടി കുഴൽപ്പണം കവർച്ച, വധശ്രമം ഉൾപ്പെടെയുള്ള കേസുകളുണ്ട്. രാകേഷ് ആലുവ വെസ്റ്റ്, പറവൂർ പോലീസ് സ്റ്റേഷനിൽ വധ ശ്രമം തുടങ്ങിയ കേസിൽ ഉൾപ്പെട്ടയാളാണ്. അബിന് പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം കേസും കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസും ഉണ്ട്. ആഷ്ലിൻ ചാലകുടി കുഴൽ പണ കവർച്ച കേസിൽ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ എ.എസ്.പി ജുവനപ്പടി മഹേഷ്, ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ് എം തോമസ്, ജോസി എം ജോൺസൻ , എ.എസ്.ഐ ഷിബു മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എ അബ്ദുൾ മനാഫ്, വി.പി സുധീഷ് , സി.പി.ഒ മാരായ ശ്രീജിത്ത് രവി , കെ.എ അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
