Connect with us

Hi, what are you looking for?

CRIME

ഇലന്തൂർ നരബലി; കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയുടെ കൊലപാതക കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

പെരുമ്പാവൂർ : ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രമാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ അഡീഷണൽ പോലീസ് സൂപ്രണ്ട് ടി.ബിജി ജോർജ്ജ് തലവനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി 4 ൽ സമർപ്പിച്ചത്. ബലാൽസംഗവും കൊലപാതകശ്രമവും മോഷണവും അടക്കം നിരവധി കേസിലെ പ്രതിയായ എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52) ആണ് കേസിലെ മുഖ്യ സൂത്രധാരൻ. ഐശ്വര്യ പൂജയ്ക്കെന്ന വ്യാജേന നിരാലംബരായ സ്ത്രീകളെ പത്തനംതിട്ട ഇലന്തൂരിലുള്ള രണ്ടാം പ്രതി കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (67) ഭാര്യ ലൈല (58) എന്നിവരുടെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷണങ്ങളായി മുറിച്ച് മാംസം പാകം ചെയ്ത് ഭക്ഷിക്കുകയും, ഫ്രിഡ്ജിൽ സൂക്ഷിക്കുകയും, ബാക്കി ഭാഗങ്ങൾ പറമ്പിൽ കുഴിച്ചിടുകയുമായിരുന്നു.

പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർക്കെതിരെ കൊലപാതകത്തിനു പുറമെ കൂട്ട ബലാൽസംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോവൽ, കുറ്റകരമായ ഗൂഡാലോചന, മനുഷ്യകടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഡാലോചന എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട റോസിലിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ മോതിരം പ്രതികൾ ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിരുന്നതും, അവരുടെ മൊബൈൽ ഫോൺ ആലപ്പുഴ എ.സി. കനാലിൽ എറിഞ്ഞ് കളഞ്ഞതും പോലീസ് വീണ്ടെടുത്തിരുന്നു. 200 ലധികം സാക്ഷിമൊഴികളും, 60 ഓളം മഹസറുകളും, 130 ലധികം രേഖകളും, കൊലപാതകത്തിനുപയോഗിച്ച കത്തികളും വാഹനങ്ങളുമടക്കം 50 ഓളം തൊണ്ടി മുതലുകളും മൂവായിരത്തോളം പേജുള്ള കുറ്റപത്രത്തിന്‍റെ ഭാഗമാണ്. മൃതദേഹഭാഗങ്ങൾ പോലീസ് വീണ്ടെടുക്കുകയും ഡി.എന്‍.എ പരിശോധനയിലൂടെ മരണപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. മൃതദേഹഭാഗങ്ങൾ അഴുകി നശിച്ചിരുന്നതിനാൽ ഫോറൻസിക് , സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച് കുറ്റപത്രത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട് പ്രതികൾ അറസ്റ്റിലായി എണ്‍പത്തിഒന്‍പതാമത്തെ ദിവസമാണ് റൂറൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പത്മ എന്ന സ്ത്രീയെ കടവന്തറ സ്റ്റേഷൻ പരിധിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കാര്യത്തിന് കടവന്തറ പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ജനുവരി 6 ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി 8 ൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘത്തിൽ കൊച്ചി സിറ്റി ഡി.സി.പി എസ്.ശശിധരൻ, പെരുമ്പാവൂർ എ.സി.പി യായിരുന്ന അനുജ് പലിവാൽ, മുളന്തുരുത്തി എസ്.എച്ച്.ഒ പി.എസ്.ഷിജു, കാലടി എസ്.എച്ച്.ഒ എന്‍.എ.അനൂപ്, എസ്.ഐമാരായ ടി.ബി.ബിബിൻ, പി.സി.പ്രസാദ്, എ.എസ്.ഐ ടി.എസ്. സിജു, എസ്.സി.പി.ഒ മാരായ എം.വി.ബിനു, എം.ആര്‍.രാജേഷ്, പി.എ.ഷിബു, കെ.പി.ഹബീബ്, വി.ആര്‍.അനിൽകുമാർ, എം.എസ്.ദിലീപ്കുമാർ, പി.എം.റിതേഷ് എന്നിവർ അംഗങ്ങളായിരുന്നു. എറണാകുളം റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി പോലീസുദ്യോഗസ്ഥർ കേസന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ സംഘത്തിന് പിന്തുണ നൽകി.

പെരുമ്പാവൂർ ജിഷ വധക്കേസിലെയും, കൂടത്തായി കേസിലെയും സ്പെഷ്യൽ പ്രൊസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ്. എന്‍.കെ.ഉണ്ണികൃഷ്ണനാണ് ഈ കേസിലെയും സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറായി നിയമിതനായിരിക്കുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...