പെരുമ്പാവൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പെരുമ്പാവൂർ നിയോജകമണ്ഡലതല സംഘാടകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്. ഇത് ജനങ്ങളുടെ പരിപാടിയാണ്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ജനങ്ങളെയും പരിപാടിയിൽ പങ്കെടുപ്പിക്കണം.
ജനങ്ങളെ കേട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി താലൂക്ക് തല അദാലത്തുകൾ സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ തുടർച്ചയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖല തല അവലോകനയോഗങ്ങൾ നടന്നു. ഒടുവിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനായി കേരളീയം എന്ന വലിയ പരിപാടി വിജയകരമായി നടത്തി. അതിനുശേഷമാണ് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലേക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എത്തുന്നത്. പരമാവധി പങ്കാളിത്തം ഉറപ്പാക്കി പെരുമ്പാവൂരിലെ നവ കേരളസദസ് ഹാ സംഭവമാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ പ്രാദേശിക സംഘാടക സമിതികളുടെയും വിവിധ സബ് കമ്മിറ്റികളുടെയും പ്രവർത്തന പുരോഗതി വിലയിരുത്തി.
കുറുപ്പുംപടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എൻ.പി അജയകുമാർ, ശില്പ സുധീഷ്, ഷിജി ഷാജി, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. പുഷ്പദാസ്, സംഘാടകസമിതി കൺവീനറും കുന്നത്തുനാട് താലൂക്ക് തഹസിൽദാറുമായ ജോർജ്ജ് ജോസഫ്, സംഘാടകസമിതി ഭാരവാഹികളായ സി.എം അബ്ദുൾ കരീം, എൻ.സി മോഹനൻ, അഡ്വ.രമേശ് ചന്ദ്, അഡ്വ. വർഗീസ് മൂലൻ, മറ്റ് സംഘാടക സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.