പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ . പദ്ധതിയുടെ സങ്കേതികാനുമതിക്ക് ചീഫ് എന്‍ജിനിയര്‍മാരുടെ കമ്മിറ്റി അംഗീകാരം നല്‍കി. നിലവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതികമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചു. ഇതോടൊപ്പം തന്നെ ടെന്‍ഡര്‍ വിജ്ഞാപനവും പുറപ്പെടുവിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ചതപ്പു നിലങ്ങളില്‍ നാലു വരിയില്‍ എലിവേറ്റഡ് പാതയായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 2016 ന് ശേഷം വന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത് നാറ്റ്പാക്ക് ആണ്. ബൈപാസ് വിന്യാസത്തില്‍ ഉള്‍പ്പെട്ട കെട്ടിടങ്ങളും അനുബന്ധ വസ്തുക്കളും പൊളിച്ചു നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. കൊച്ചിന്‍ ട്രേഡ് ലിമിറ്റഡ് ആണ് കെട്ടിടങ്ങളും മറ്റും പൊളിച്ചു നീക്കുന്നതിന് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 11 വ്യക്തികളുടെ വസ്തുക്കളാണ് പൊളിച്ചു നീക്കുന്നത്.60 വ്യക്തികളുടെ ഭൂമിയാണ് ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായി വരുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ രണ്ട് വ്യക്തികള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇവര്‍ കേസ് പിന്‍വലിച്ചു ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സഹകരിച്ചതോടെ ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ബൈപ്പാസിന്റെ ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭാഗത്തെ മരങ്ങള്‍ മുറിച്ചു നീക്കുന്ന പ്രവൃത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും വനം വകുപ്പ് നിര്‍ദ്ദേശിച്ച തുകക്ക് കരാര്‍ ഏറ്റെടുക്കുവാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. തുടര്‍ന്ന് ഒരിക്കല്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുവാന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി.എം.സി റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയില്‍ ആയതിനാല്‍ പെരുമ്പാവൂര്‍ നിര്‍ദ്ദിഷ്ട ബൈപ്പാസുമായി സന്ധിക്കുന്നിടത്ത് ഗ്രേഡ് ജംഗ്ഷന്‍ അല്ലെങ്കില്‍ ഗ്രേഡ് സെപ്പറേറ്റ് ജംഗ്ഷന്‍ ഇവയില്‍ ഏതാണ് അഭികാമ്യം എന്നുള്ള പഠനവും ഈ കാലയളവില്‍ പൂര്‍ത്തീകരിക്കും.