കോതമംഗലം : മുൻമാതൃകയില്ലാത്ത മേഖലകളിൽ തുല്യതയില്ലാത്ത സാമൂഹിക പ്രവർത്തനത്തിലൂടെ പീസ് വാലി മുഴുവൻ സമൂഹത്തിനും ദിശാബോധം പകരുന്നുവെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ്.അനാഥരായ ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള പീസ് വാലി ചിൽഡ്രൻസ് വില്ലേജിലെ റെസിഡൻഷ്യൽ ലൈഫ് സ്കൂളിന്റെ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്ഥാപനം എന്നതിനേക്കാൾ ഒരു സംസ്കാരമായി പീസ് വാലിയുടെ വളർച്ചയെ വിലയിരുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
18 വയസ്സിനിനു താഴെയുള്ള അനാഥരായ ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് പീസ് വാലിയിൽ പ്രവർത്തനം ആരംഭിച്ചത്. മുവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എം ബൈജു ചടങ്ങിൽ മുഖ്യഅതിഥിയായി.സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു മുഖ്യപ്രഭാഷണം നിർവഹിച്ചു.
പീസ് വാലി ചെയർമാൻ പി എം അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കെ എം യൂസുഫ്,
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ സിനി, സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ കെ എം നിഷാദ്, ശിശുക്ഷേമ സമിതി അംഗം നൈസി, പ്രൊട്ടക്ഷൻ ഓഫിസർ ഷാനോ ജോസ്, പ്രാർത്ഥന ഫൌണ്ടേഷൻ ചീഫ് വളണ്ടിയർ കുര്യൻ ജോർജ്, പീസ് വാലി സി ഇ ഒ ഹുസൈൻ നൂറുദ്ധീൻ, സെന്റർ കോഓർഡിനേറ്റർ മുഹമ്മദ് ഫായിസ് എന്നിവർ സംസാരിച്ചു.
