കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന ധൈര്യത്തോടെ കാലുറപ്പിച്ചു നിൽക്കാനുള്ള അവസ്ഥയിലേക്ക് എത്തിയല്ലോ, അതുമതി “കുട്ടമ്പുഴ ടൗൺഹാളിൽ നിന്ന് പട്ടയം ഏറ്റുവാങ്ങി മടങ്ങവേ മണികണ്ഠൻ ചാൽ സ്വദേശിനി പുതിയാംകോട്ടിൽ തങ്കമ്മ കുട്ടൻ നെടുവീർപ്പോടെ പറഞ്ഞു.
തന്റെ പതിനാലാം വയസ്സിലാണ് മണികണ്ഠൻ ചാലിലേക്ക് തങ്കമ്മ എത്തുന്നത്. അന്നുമുതൽ ഓരോ കഷ്ടപ്പാടുകൾ അതിജീവിച്ച് ഇവിടെ വരെ എത്തി. ഭർത്താവും മകനും മരണപ്പെട്ടതോടെ നിലവിൽ ഒറ്റക്ക് താമസിക്കുന്ന തങ്കമ്മയെ സംബന്ധിച്ചിടത്തോളം പട്ടയം ലഭിച്ചത് ഏറെ ആശ്വാസമാണ്.
രാജമ്മക്ക് 50 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു.
നീണ്ട 50 വർഷങ്ങളുടെ പരിശ്രമങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ 84 കാരിയായ ഉരുളൻതണ്ണി പുള്ളോലിൽ വീട്ടിൽ രാജമ്മ കുമാരാൻ ഒടുവിൽ ഭൂമിയുടെ അവകാശിയായി മാറി.
പലവിധ ഓഫീസുകളിൽ കാലങ്ങളായി കയറിയിറങ്ങിയെങ്കിലും ഈ സർക്കാരിന്റെ കാലത്താണ് അതിനൊരു ഫലമുണ്ടായതെന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത ആശ്വാസമാണുള്ളതെന്നും പട്ടയം ഏറ്റുവാങ്ങിയ ശേഷം രാജമ്മ പറഞ്ഞു. വാർദ്ധക്യാവസ്ഥയിലെ ബുദ്ധിമുട്ടുകൾ നേരിടുന്ന അവർക്ക് പട്ടയമെന്നത് ഒരു രേഖയ്ക്ക് അപ്പുറം ആത്മവിശ്വാസം കൂടിയാണ്.
ചട്ടങ്ങളും നിയമ പ്രശ്നങ്ങളും വനം വകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങളും എല്ലാം പരിഹരിച്ചാണ് കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശത്തെ 69 കുടിയേറ്റ കർഷക കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചത്. കോതമംഗലം സ്പെഷ്യൽ തഹസിൽദാർ ഭൂമി പതിവ് കാര്യാലയത്തിന്റെ പ്രവർത്തന ഫലമായാണ് ഇത് സാധ്യമായത്.























































