കോതമംഗലം : പന്തപ്ര ആദിവാസി കോളനിയിലെ വീടുകളുടെ നിർമ്മാണ പൂർത്തീകരിക്കുന്നതിന് വീടൊന്നിന് 51,271 രൂപ അധിക തുക അനുവദിക്കുന്ന കാര്യം പരിഗണിച്ചു വരുന്നതായി മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ. കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനിയുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയെ സംബന്ധിച്ചും, വീട് നിർമ്മാണത്തിന്റെ അവശേഷിക്കുന്ന പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനെ സംബന്ധിച്ചും ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിയില്‍ താമസിക്കുന്ന 67 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതി, ഇലക്ട്രിഫിക്കേഷന്‍ സോളാര്‍ ഫെന്‍സിംഗ്, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. 67 പട്ടികവര്‍ഗ കുടുംബങ്ങളില്‍ 10 കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ മുഖേന ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 57 പട്ടികവര്‍ഗ കുടുംബങ്ങളുടെ ഭവന നിര്‍മ്മാണം അഞ്ച് പട്ടികവര്‍ഗ്ഗ സംഘങ്ങള്‍ മുഖേന വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിവരുന്നു. പന്തപ്ര ആദിവാസി കോളനിയിലെ 57 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് വീടൊന്നിന് 51,271/- രൂപ വീതം അധികതുക അനുവദിക്കുന്ന വിഷയം പരിശോധിച്ചുവരികയാണ്.
കൂടാതെ ഗതാഗത സൗകര്യത്തിനായി നിലവിലുള്ള മണ്‍റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനും കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.