കോതമംഗലം: മാർത്തോമാ ചെറിയ പള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ (ഹരിത ചട്ടം) പാലിച്ച് നടപ്പിലാക്കുന്നതിന് കോതമംഗലം നഗരസഭ തീരുമാനിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ മാർത്തോമാ ചെറിയ പള്ളി പെരുന്നാൾ കമ്മിറ്റി, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകൾ, ഹരിതകർമ്മസേന, വ്യാപാരി വ്യവസായികൾ, ബഹുജന സംഘടനകൾ എന്നിവരെ യോജിപ്പിച്ചാണ് ഹരിത പ്രോട്ടോകോൾ നടപ്പിലാക്കുക.
ഇതിനായി ഗ്രീൻ ആർമിയെ രൂപീകരിക്കുകയും പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. ഒറ്റത്തവണ ഉപയോഗിക്കുന്ന കടലാസ്സ് -ഡിസ്പോസിബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിവയുടെ ഉപയോഗം കർശനമായി നിരോധിക്കും. ഉത്തരവ് ലംഘിച്ചാൽ പിഴ ഉൾപ്പെടെ കർശന നിയമ നടപടികൾ നഗരസഭ സ്വീകരിക്കുമെന്ന് ചെയർമാൻ കെ.കെ ടോമി അറിയിച്ചു.
ഇതിനയി ആരോഗ്യ, റവന്യൂ വകുപ്പ് ഉദ്യഗസ്ഥരെ ഉൾപ്പെടുത്തി വിജിലൻസ് സ്‌ക്വാഡ് രൂപികരിച്ചു പ്രവർത്തനം ആരംഭിക്കും. ഭക്ഷണ ശാലയിൽ ഉൾപ്പെടെ പൂർണമായും സ്റ്റീൽ പാത്രങ്ങളിൽ ആയിരിക്കും വിതരണം ചെയ്യുക. പെരുന്നാളിന്റെ ഭാഗമായി ഉണ്ടാകുന്ന മുഴുവൻ ജൈവ മാലിന്യങ്ങളും വളമാക്കി മാറ്റും. തുണിസഞ്ചികളുടെ ആവശ്യം പരിഗണിച്ച് ‘സാരി തരു സഞ്ചി തരാം’ ക്യാമ്പയിൻ എൻ.എസ്.എസ് യൂണിറ്റ്, കുടുംബശ്രീ, യൂത്ത് അസോസിയേഷൻ, കുടുംബയോഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തും. ജൈവ – അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന് ആവശ്യമായ ബിന്നുകൾ സ്ഥാപിക്കും. ‘വലിച്ചെറിയേണ്ട തിരികെ നൽകൂ, സമ്മാനങ്ങൾ നേടാം’ പദ്ധതിയുടെ ഭാഗമായി കൗണ്ടറുകൾ പ്രവർത്തിക്കും.
മുൻസിപ്പൽ ചെയർമാൻ കെ. കെ ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങളെക്കുറിച്ച് ഹരിതകേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ എസ്.രഞ്ജിനി വിശദീകരിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.വി തോമസ്, കെ.എ നൗഷാദ്, ബിൻസി തങ്കച്ചൻ, ഹെൽത്ത് സൂപ്പർവൈസർ എം.എക്സ് വിൽസൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ധന്യ ജോസി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, പെരുന്നാൾ പ്രോഗ്രാം ഓഫീസർ എബിൻ ജോർജ്, ഹരിതകേരളം റിസോഴ്സ് പേഴ്സൺമാരായ എ.എ സുരേഷ്, വി.എസ് സൂര്യ തുടങ്ങിയവർ പങ്കെടുത്തു.