കോതമംഗലം : പല്ലാരിമംഗലം കുടമുണ്ട ഭാഗത്ത് മോഷണ പരമ്പര. ആറ് വീടുകളിൽ ഇന്ന് പുലർച്ചെ മോഷ്ടാക്കൾ എത്തി; വീട്ടമ്മയുടെ മാല നഷ്ടപ്പെട്ടു. പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട മടിയൂർ ഭാഗങ്ങളിൽ നിരവധി വീടുകളിൽ മോഷണ ശ്രമവും ഒരു വീട്ടിൽ മോഷണവും നടന്നു. കുടമുണ്ട സർവ്വീസ് സ്റ്റേഷന് എതിർ വശത്തു താമസക്കാരനായ ഗോപിയുടെ വീട്ടിൽ അലമാരയിൽ ഇരുന്ന മാലയാണ് മോഷ്ടാക്കൾ കവർന്നത്. ഇവിടെ വീടിന്റെ പുറകു വശത്തെ വാതിലിൻ്റെ കൊളുത്ത് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

മറ്റ് വീടുകളിൽ മോഷ്ടാക്കൾ എത്തിയെങ്കിലും വീട്ടുകാർ ഉണർന്ന് ലൈറ്റ് ഓൺ ചെയ്തോടെ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആക്രി പറക്കുവാനായി ഇതര സംസ്ഥാനക്കാർ ഈ ഭാഗത്ത് കൂട്ടമായി എത്തിയിരുന്നു. ഇവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. സമീപത്തെ ഒരു കടയിലെ CCTV -യിൽ മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോത്താനിക്കാട് പോലീസ് ഊർജ്ജിതമാക്കി.

മുവാറ്റുപുഴ DYSP മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ പോലീസും, ഫിംഗർപ്രിൻ്റ് എക്സ്പേർട്ട് ശ്രീജ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘവും, മാർലി എന്ന നായ ഉൾപ്പെട്ട ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി ശബ്ദം കേട്ട് ഉണർന്ന് ലൈറ്റിട്ടെങ്കിലും നേരം വെളുത്താണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് വീട്ടമ്മ രാജമ്മ പറഞ്ഞു.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				