പല്ലാരിമംഗലം : വേനൽ കനത്തതോടെ പല്ലാരിമംഗലത്തെ പുലിക്കുന്നേപ്പടി, ഇനിട്ടപ്പാറ, പൈമറ്റം, കുടമുണ്ട, അടിവാട് തുടങ്ങി വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പഞ്ചായത്ത് അധികാരികൾ മൗനംപാലിക്കുന്നതിൽ പ്രതിഷേധം കനക്കുന്നു. പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നത് പല്ലാരിമംഗലം പഞ്ചായത്തു കവലക്ക് സമീപത്തുള്ള വരമ്പുപാറയിലുള്ള
പമ്പ്ഹൗസ്മുഖേനയാണ്. എന്നാൽ ഈ പമ്പ്ഹൗസിൽ വെള്ളമടിക്കുന്ന വരമ്പുപാറക്കടവ് ചെക്ഡാമിൽ വേനൽകനത്തതോടെ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞത് പമ്പിംഗിനെ ബാധിക്കുന്നു എന്നതാണ് ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം.
അടുത്തിടെ രണ്ട് മഴ ലഭിച്ചുവെങ്കിലുംചെക്ക്ഡാമിൽ യഥാസമയം പലകയിടാൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകാതിരുന്നതിനാൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞില്ല. ഒരുമാസംമുന്നേ ചെക്ക്ഡാമിൽ പലകയിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇന്നലെയാണ് അതിന് തയ്യാറായത്. പഞ്ചായത്തിലെ മറ്റ് ചെക്ക്ഡാമുകളുടേയും സ്ഥിതി ഇതുതന്നെയാണ്. വണ്ടിവെള്ളമെത്തിച്ച് പ്രശ്നം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും പഞ്ചായത്ത് മുഖവിലക്കെടുത്തിട്ടില്ല. സംസ്ഥാനത്ത്
കൊറോഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കുടിവെള്ളം കിട്ടാക്കനിയാകുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ടാങ്കറിൽ വെളളമെത്തിച്ച് ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.