പല്ലാരിമംഗലം : ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് സമീപ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചിട്ടും പല്ലാരിമംഗലത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാത്തത് പ്രതിഷേധാർഹം. ജോലി ഇല്ലാത്ത സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നു എന്നതു കൂടാതെ, ഭക്ഷണം പാകംചെയ്യാൻ മണ്ണെണ്ണ ഉൾപ്പെടെ ലഭ്യമാക്കാത്ത സാഹചര്യവും നിലവിൽ വന്നതോടെ അതിഥി തൊഴിലാളികൾ പല്ലാരിമംഗലത്ത് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം വന്നിരിക്കുകയാണ്. സമീപ പഞ്ചായത്തുകളായ കവളങ്ങാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, വാരപ്പെട്ടി ഉൾപ്പെടെ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയിട്ടും പല്ലാരിമംഗലത്ത് പഞ്ചായത്ത് അധികാരികൾ അലംഭാവം തുടരുകയാണ്.
അടിവാട് ഉൾപ്പെടെ അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ പഞ്ചായത്തിലുള്ളത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള അധികാരികളെ ഫോണിൽ ബന്ധപ്പെടുമ്പോൾ കൈമലർത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എറണാകുളം ജില്ലയിടെ 82 പഞ്ചായത്തുകളിൽ 72 ഇടത്തും കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ പല്ലാരിമംഗലം ഇതിന് അപവാദമാവുകയാണ്. അടിയന്തിര സാഹചര്യം നേരിടുന്നതി ജനപ്രതിനിധികളേയും,പൊതു പ്രവർത്തകരേയും ബന്ധപ്പെടുത്തി കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കാൻ പഞ്ചായത്ത് അധികാരികൾ മുൻകൈ എടുക്കുന്നില്ലെന്ന് സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ പറഞ്ഞു.