കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൽ ആറടിതാഴ്ചയിൽ കുഴിച്ച് മണ്ണെടുത്ത് കടത്തിയ വിവാദ റോഡ് തോടായി. പഞ്ചായത്തിലെ രണ്ടാം വാർഡിൽ മോഡേൺപടി ഈട്ടിപ്പാറ റോഡാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആറടിയോളം കുഴിച്ച് 200 ലോഡ് മണ്ണ് കടത്തിക്കൊണ്ട് പോയത്. മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെയും, സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയും ഈ വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തതോടെ പഞ്ചായത്ത് സെക്രട്ടറി പോത്താനിക്കാട് പോലീസിൽ പരാതിപ്പെടുകയും പോലീ പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറുമുൾപ്പെടെ അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ടാർ ചെയ്ത് സഞ്ചാരയോഗ്യമായിരുന്ന റോഡ് കയറ്റം കുറ്റക്കാനെന്ന വ്യാജേന അനധികൃതമായി കുഴിച്ച് മണ്ണെടുത്ത് കടത്തുകയായിരുന്നു. ഈ വിഷയത്തിൽ സി പി
ഐ എം ലോക്കൽ കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ, കളക്ടർ, മൈനിംഗ് & ജിയോളജി വകുപ്പ്, ആർ ഡി ഒ എന്നിവർക്കും പരാതി കൊടുത്തിട്ടുണ്ട്.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് പുറത്ത് വന്നിട്ടുള്ളതെന്നും, കേസിൽ പ്രതികളായ പഞ്ചായത്ത് പ്രസിഡൻറും, വാർഡ് മെമ്പറും സ്ഥാനം രാജിവച്ചൊഴിയണമെന്നും സി പി ഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക് ഡൗണിന്ശേഷം ഈ പ്രശ്നമുയർത്തി ശക്തമായ സമരപരിപാടികൾക്ക് പാർട്ടി രൂപംനൽകുമെന്നും സി പി ഐ എം പറഞ്ഞു.