കോതമംഗലം : മണിക്കിണർ പാലം നിർമ്മാണത്തിന്റെ തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ 928 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയ പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിൽ നിന്നും അനുമതി ലഭ്യമായിട്ടുള്ളത് എം എൽ എ സഭയുടെ ശ്രദ്ധയിൽപെടുത്തി.
പല്ലാരിമംഗലത്ത് നിന്നും സമീപ പഞ്ചായത്തുകളായ കവളങ്ങാട്,പോത്താനിക്കാട്,പൈങ്ങോട്ടൂർ പഞ്ചായത്തുകളിലേക്കും ഇടുക്കി ജില്ലയിലേക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ സഹായകരമായതും,പ്രദേശത്തിന്റെ വികസനത്തിന് വലിയ സാധ്യതയും ഉള്ളതായ പ്രസ്തുത പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കി സാങ്കേതിക അനുമതി നല്കി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പാലം നിർമ്മാണം വേഗത്തിലാക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം പഞ്ചായത്തിൽ മണിക്കിണർ പാലം നിർമ്മാണത്തിന് 19-2-21 ലെ സഉ(സാധാ ) നം.253/2021 പൊ മ വ പ്രകാരം 928 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയിരുന്നു.സ്ഥലമെടുപ്പ് നടപടികൾക്കായി റവന്യൂ വകുപ്പിൽ നിന്നും ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർക്ക് അർത്ഥനാ പത്രം സമർപ്പിക്കുകയും സ്ഥലമെടുപ്പ് നടപടികൾക്കായി സ്പെഷ്യൽ തഹസിൽദാർ എൻ.എച്ച്. No 1 കാക്കനാടിന് ആവശ്യപ്പെട്ട തുക കൈമാറുകയും ചെയ്തിട്ടുണ്ട്.
സ്ഥലമേറ്റെടുപ്പ് നടപടികൾ റവന്യൂ വകുപ്പ് മുഖേന പുരോഗമിച്ച് വരുന്നു.സ്ഥലമേറ്റെടുക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവർത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.