കോതമംഗലം: സാമ്പത്തിക പരാധീനത മൂലം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാങ്കേതിക സംവിധാനം ഇല്ലാതിരുന്ന പല്ലാരിമംഗലം ജി. വി. എച്ച്. എസ്. എസിലെ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികളും പോത്താനിക്കാട് പഞ്ചായത്തിലെ വാക്കത്തിപ്പാറ സ്വദേശികളുമായ അഖിലക്കും അഖിലിനുമാണ് കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ഇടത് പുരോഗമന ചിന്താഗതിയുള്ള പ്രവാസികളുടെ സംഘടനയായ ‘ഇടം’ എല്‍. ഇ. ഡി ടെലിവിഷന്‍ നല്‍കിയത്.
പിതാവ് മരണപ്പെട്ട ഈ വിദ്യാര്‍ത്ഥികളുടെ മാതാവ് കാന്‍സര്‍ ബാധിതയായി കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അധ്യാപികയാണ് ഈ ദുരവസ്ഥ അറിയിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്നെ ഇതിനു വേണ്ട എല്ലാ സഹായങ്ങളുമായി മുന്നോട്ട് വന്ന ഇടം സംഘടനയെയും അതിന്റെ ഭാരവാഹികളെയും ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. ഇ അബ്ബാസ് അഭിനന്ദിച്ചു . മുന്‍പും ഇത്തരത്തിലെ നാട്ടിലെ സാമൂഹ്യ പ്രശ്നങ്ങളില്‍ കൃയാത്മകമായി ഇടപെടുന്ന സംഘടനയാണ് ഇടമെന്ന്‍ സി. പി. ഐ. (എം) പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി എം. എം. ബക്കര്‍ പറഞ്ഞു.
ഇടം പ്രസിഡന്റ് നവാസ് മൈതീന്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി അഖിലിനു ടെലിവിഷന്‍ നല്‍കി. സി. പി. ഐ. (എം) പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി എം. എം. ബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. ഇ അബ്ബാസ്, പോത്താനിക്കാട് പഞ്ചായത്ത് അംഗം മേരി തോമസ്, ഇടം ജോയിന്റ് സെക്രട്ടറി നവാസ് കെ. എം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റഷീദ് പരീക്കുട്ടി, ജനീബ് പടിക്കാമറ്റം, ഇടം അംഗങ്ങളായ ഷിനാജ് പറമ്പില്‍, അനസ് ചിറക്കണ്ടം, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കബീര്‍ പൂവത്തുംമൂട്ടില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു