പാലാ : കോതമംഗലം രൂപതയിലെ കുറുപ്പുംപടി ഫൊറോനായിലെ വൈദികർ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് പിന്തുണയും പ്രാർത്ഥനയും അറിയിച്ചു. കുറുപ്പംപടി, കുത്തുങ്കൽ, മുട്ടത്തു പാറ, നെടുങ്ങപ്ര കോട്ടപ്പടി എന്നീ പള്ളികളിലെ വികാരിമാരായ ഫാ. ജേക്കബ് തലാപ്പള്ളി, ഫാ. ആന്റണി മാളിയേക്കൽ, ഫാ. സിറിൽ വള്ളോംകുന്നേൽ, ഫാ. ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ, ഫാ. റോബിൻ പടിഞ്ഞാറെക്കുറ്റ് എന്നിവരാണ് സന്ദർശനം നടത്തിയത്. മാർ ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിയത് സമൂഹത്തിന്റെ വലിയ ആശങ്ക ആണെന്ന് വൈദീകർ പറഞ്ഞു. എന്നാൽ ഇത് ഒരു മതത്തിന് എതിരെയുള്ള ആക്രമണമായി ചിത്രീകരിക്കുന്നത് ശരിയല്ല. ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രബോധനം നൽകുന്നത് ഇടയ ധർമ്മമാണ്. പഠനത്തിന്റെയും പ്രാർത്ഥനയുടെയും പശ്ചാത്തലത്തിൽ ഉത്തമബോധ്യത്തോടെ ഉള്ള കാര്യങ്ങളാണ് പ്രസംഗങ്ങളിൽ പറയുന്നത്. അത് എങ്ങനെയായിരിക്കണമെന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കാരും നിർദ്ദേശിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
പള്ളിയ്ക്ക് ഉള്ളിൽ പറയുന്ന കാര്യങ്ങൾ വിവാദമാക്കുന്നതിന് പിന്നിൽ നിഷിപ്ത താല്പര്യക്കാർ ആണ്. മാർ ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാൻ ഭരണാധികാരികൾ തയ്യാറാകണം. ജനാധിപത്യവും മതേതരത്വവും നൽകുന്ന സ്വാതന്ത്ര്യവും സ്വസ്ഥതയും എല്ലാവർക്കും അനുഭവിക്കുവാൻ കഴിയണം. മതേതരത്വവും മത സാഹോദര്യവും എന്നും ഹൃദയത്തിൽ കൊണ്ടു നടക്കുന്നവരാണ് ഇവിടുത്തെ ക്രൈസ്തവർ. മാർ കല്ലറങ്ങാട്ട് ഒരിക്കലും ഒരു മതത്തിനെതിരെയും സംസാരിച്ചിട്ടില്ല. സമൂഹത്തിലെ ചില പുഴുക്കുത്തുകളെ അദ്ദേഹം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. അതിൽ ആരും അസ്വസ്ഥരാകണ്ട ആവശ്യമില്ല എന്ന് വൈദീകർ പ്രസ്താവനയിലൂടെ അറിയിച്ചു.