കോതമംഗലം: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് പനങ്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അമല്‍ രാജ് 461 വോട്ട് നേടി വിജയിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ ബിജി സജിയെ 166 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച നിസാര്‍ മുഹമ്മദ് കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് വൈസ് പ്രസിഡന്റായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിസാറിനെ അയോഗ്യനാക്കിയതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 6, യുഡിഎഫ് 5, സ്വതന്ത്ര 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ആറംഗങ്ങള്‍ വീതമാണ് ലഭിച്ചത്. സ്വതന്ത്രയായി വിജയിച്ച സിസി ജെയ്‌സണെ പ്രസിഡന്റാക്കി യുഡിഎഫ് ഭരണത്തിലേറിയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും നിസാറിനെ കൂട്ടുപിടച്ച് എല്‍ഡിഎഫ് ഭരണം പിടിക്കുകയായിരുന്നു.
സിപിഎമ്മിലെ നിന്നുള്ള ജിജി ഷിജു പ്രസിഡന്റും സാബു മത്തായി വൈസ് പ്രസിഡന്റുമാണ്. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച ലഭിക്കും.
