പല്ലാരിമംഗലം : കാലവർഷം എത്തുംമുൻപെ തോടുകളിലെ സ്വഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന എക്കൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചപ്പുചവറുകൾ എന്നിവ നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ സന്നദ്ധ സംഘടനകളുടേയും, കുടുംബശ്രി പ്രവർത്തകരുടേയും, ബഹുജനങ്ങളുടേയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ വാഹിനി എന്ന പരിപാടിക്ക് പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തുടക്കം കുറിച്ചു. പന്ത്രണ്ടാം വാർഡിൽ ചെമ്പഴ തോട്ടിൽ വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി ജോയിൻ്റ് കൺവീനർ എൽദോസ് ലോമി അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ഓവർസിയർ ലിജുനു അഷറഫ്, തൊഴിലുറപ്പ് മേറ്റ് ഷാജിത സാദിഖ്, ആശാ വർക്കർ മേരി ഏലിയാസ്, കെ എസ് ഷെഫിൻ, കെ എ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
