പെരുമ്പാവൂർ: നിയോജക മണ്ഡല പരിധിയിൽ വരുന്ന വേങ്ങൂർ, കൂവപ്പടി പഞ്ചായത്ത് പരിധിയിൽ വരുന്ന പാണിയേലി പോര് പ്രദേശത്ത് പുലി പിടി കൂടുവാൻ ” ഓപ്പറേഷൻ ലെപേർഡ് ” രൂപീകരിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എം. എൽ എ യുടെ നിർദ്ദേശപ്രകാരം പുലി പിടി കൂടുവാൻ ” ഓപ്പറേഷൻ ലെപേർഡ് “എന്ന പേരിൽ ടാസ്ക്ക് ഫോഴ്സിനെ രൂപീകരിച്ചു. ഒരാഴ്ച കൊണ്ട് തന്നെ പുലിയെ പിടികൂടുവാൻ സാധിക്കുമെന്ന് കണക്കാക്കുന്നു.
പുലിയുടെ സാന്നിധ്യം അടുത്തിടെയായി ഉണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. മുൻപ് പ്രദേശത്തെ വീടുകളിലെ വളർത്തു നായ്ക്കളെ കൂട്ടത്തോടെ പുലി പിടിച്ചു തിന്ന സംഭവം ഉണ്ടായിട്ടുണ്ട്. വീടുകളിൽ കെട്ടിയിട്ടിരുന്ന വളർത്തു നായ്ക്കളെയാണു പുലി തട്ടി കൊണ്ടുപോയിരുന്നത്.
പുലിയുടെ കാലപാടുകൾ കാണുകയും ആളുകൾ പുലിയെ നേരിട്ട് കാണുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കണക്കിലെടുത്ത് എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ പ്രസ്തുത സ്ഥലം സന്നർശിക്കുകയും ചെയ്തിരുന്നു. തുടർനടപടികൾക്കായി ബ്ലോക്ക് പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം ചേർന്നു.
യോഗത്തിൽ പുളിയെ പിടി കൂടുവാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കുവാനും, പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുവാൻ ക്യാമറകൾ സ്ഥാപിക്കുവാനും , ഡ്രോൺ നീരീക്ഷണം തുടരുവാനും ധാരണയായി. അതുപോലെ തന്നെ കാട്ടു പന്നിയുടെ ആക്രമണം മൂലം കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് പന്നിയെ വെടി വച്ചു കൊല്ലുന്നതിന് അനുമതി ലഭിക്കുന്നതിന് അപേക്ഷ നൽകുന്ന ദിവസം തന്നെ അനുമതി നൽകുവാനും ധാരണയായി.
ആനകളുടെയും വന്യ ജീവികളുടെയും ആക്രമണം തടയുന്നതിനായി ഫെൻസിങ് സംവിധാനം കൂടുതൽ മേഖലയിൽ സ്ഥാപിക്കുവാൻ തിരുമാനമായി. വന്യ ജീവികളുടെ അതിക്രമം മൂലം കർഷകർക്ക് നിലവിൽ ഏകദേശം 40 ലക്ഷം രൂപയുടെ കൃഷി നാശനഷ്ടം കണക്കാക്കി സർക്കാരിൽ നിന്നും ലഭിക്കുവാൻ ഉണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു. കർഷകർക്കും ജനങ്ങൾക്കും വന്യജീവികളുടെ ആക്രമണം മൂലം ഉണ്ടാവുന്ന നഷ്ടപരിഹാരം ഉടനെ നൽകണമെന്ന് സർക്കാരിനോട് എൽദോസ് കുന്നപ്പിള്ളി എം എൽ എ ആവശ്യപ്പെട്ടു.
യോഗത്തിൽ വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, കോടനാട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വേങ്ങൂർ, കൂവപ്പടി പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
